

തിരുവല്ല: തനിക്കെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. തന്നെ അപകീർത്തിപ്പെടുത്താൻ ദുരുദ്ദേശ്യത്തോടെ നൽകിയ പരാതിയാണിതെന്ന് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിൽ രാഹുൽ ആരോപിച്ചു. ഹർജി കോടതി നാളെ (തിങ്കളാഴ്ച) പരിഗണിക്കും.
ഹർജിയിലെ പ്രധാന വാദങ്ങൾ:
ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരിയായ യുവതി തന്നെയാണ്. പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ ഹോട്ടൽ മുറി ബുക്ക് ചെയ്യുന്നതിന്റെ ഫലങ്ങളെക്കുറിച്ച് അറിവുള്ള വ്യക്തിയാണ് അവർ. പരാതിക്കാരി അവിവാഹിതയാണെന്ന ധാരണയിലാണ് ബന്ധം തുടർന്നത്. എന്നാൽ അവർ വിവാഹിതയാണെന്ന് തിരിച്ചറിഞ്ഞതോടെ താൻ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിൽ- രാഹുൽ ജാമ്യഹർജിയിൽ പറയുന്നു. ബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നു. അതിനാൽ ബലാത്സംഗ ആരോപണം നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു.
അതീവ രഹസ്യമായി 'ഓപ്പറേഷൻ രാഹുൽ'
എസ്.പി പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം വളരെ രഹസ്യമായാണ് അറസ്റ്റ് നടപടികൾ നീക്കിയത്. ലോക്കൽ പോലീസിനെപ്പോലും അറിയിക്കാതെ, വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി പാലക്കാട് കെ.പി.എം ഹോട്ടലിൽ നിന്നാണ് അർദ്ധരാത്രി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. വിദേശത്തുള്ള പരാതിക്കാരി ഇ-മെയിൽ വഴി ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലാണ് നടപടി. വീഡിയോ കോൾ വഴി പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അതേസമയം , രാഹുലിനെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. നിലവിൽ മാവേലിക്കര സബ് ജയിലിൽ മൂന്നാം നമ്പർ സെല്ലിൽ ഒറ്റയ്ക്കാണ് രാഹുലിനെ പാർപ്പിച്ചിരിക്കുന്നത്. എം.എൽ.എ ആയതിനാലാണ് ഒറ്റയ്ക്ക് സെൽ അനുവദിച്ചത്. നിലത്ത് പായ വിരിച്ചാണ് അദ്ദേഹം കിടക്കുന്നത്.
വഴിനീളെ പ്രതിഷേധം
രാഹുലിനെ വൈദ്യപരിശോധനയ്ക്കും കോടതിയിലുമായി കൊണ്ടുപോയ വഴിയിലുടനീളം ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വെച്ച് രാഹുലിനെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ആശുപത്രിക്ക് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊതിച്ചോറ് വിതരണം ചെയ്താണ് പ്രതിഷേധം രേഖപ്പെടുത്തിയത്.