പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണം നടത്തുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് വി.കെ. ശ്രീകണ്ഠൻ എം.പി. വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല, സസ്പെൻഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. "രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും യു.ഡി.എഫ്. എം.എൽ.എ.യാണ്. പാർട്ടിയുടെ ഔദ്യോഗിക ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കാറില്ല. യു.ഡി.എഫ്. സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുന്നതിൽ തെറ്റില്ല," വി.കെ. ശ്രീകണ്ഠൻ പറഞ്ഞു.(Rahul Mamkootathil is still a UDF MLA, says VK Sreekandan MP)
ലൈംഗിക ആരോപണത്തെ തുടർന്ന് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് വേദിയിൽ എത്തിയത് വിവാദമായിരുന്നു. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്. നേരത്തെ കണ്ണാടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡൻ്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ സംസ്ഥാനത്ത് രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമാണ്. സീറ്റ് നിഷേധത്തെ തുടർന്ന് പാലക്കാട് ബി.ജെ.പി.യുമായി ഇടഞ്ഞ നഗരസഭാധ്യക്ഷ പ്രമീള ശശിധരനേയും കൗൺസിലർ പ്രിയ അജയനേയും കോൺഗ്രസിലേക്ക് ക്ഷണിച്ച് വി.കെ. ശ്രീകണ്ഠൻ എം.പി. തന്ത്രപരമായ നീക്കം നടത്തി. തെരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ മുന്നണികളിലെ അതൃപ്തിയും അസ്വാരസ്യവും പരസ്യമാകുകയാണ്. അതേസമയം, പ്രമീള ശശിധരനെ പിന്തുണച്ച് സ്ഥിരം സമിതി അധ്യക്ഷനും ബി.ജെ.പി. സ്ഥാനാർത്ഥിയുമായ പി. സ്മിതേഷ് രംഗത്തെത്തിയിട്ടുണ്ട്.