ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും ഇത് ഭരണത്തുടർച്ചയിലേക്കുള്ള കാൽവെപ്പാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ജനങ്ങൾ ജീവിതാനുഭവങ്ങളെ മുൻനിർത്തി വോട്ട് ചെയ്യുമെന്നും അത് ഇടതുമുന്നണിക്ക് അനുകൂലമായ ജനവിധിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.(Rahul Mamkootathil is a serial offender, says MA Baby)
എൽഡിഎഫിന് അനുകൂലമായ ജനവിധി ഉണ്ടാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ശബരിമല വിഷയത്തെ ജനം തിരിച്ചറിവോടെ പരിശോധിക്കുമെന്നും കുറ്റക്കാരെ പിടികൂടുന്നതിൽ സർക്കാരിന് ഒരമാന്തവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചുവെക്കാനില്ല. ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും, ചില കോടതി വിധികളെയും എം.എ. ബേബി രൂക്ഷമായി വിമർശിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് മനഃപൂർവം പിടിച്ചില്ലെന്ന് ചിലർ ആരോപിക്കുന്നു. എന്നാൽ, ഒരു അന്വേഷണത്തിലും പോലീസിനോ സർക്കാരിനോ അമാന്തമില്ല. ഒരു സിപിഎം എം.എൽ.എ. ഇപ്പോൾ ജയിലിൽ അല്ലേ? അതിൽ നടപടി വൈകിയില്ലല്ലോ? "പി.വി. അൻവർ എം.എൽ.എയുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ പരിശോധന നടത്തും. ഉപ്പ് തിന്നവൻ വെള്ളം കുടിക്കും. തെറ്റുകാരെ സർക്കാർ സംരക്ഷിക്കില്ല." പരാതി കൈമാറാൻ വൈകിയിട്ടില്ലെന്നും സി.പി.എമ്മിന് ഒരു വിഷയത്തിലും ഇരട്ടത്താപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധി സംബന്ധിച്ച് എം.എ. ബേബി ശക്തമായി പ്രതികരിച്ചു. കേരളത്തിലെ ജനങ്ങൾ നിയമസാക്ഷരത ഉള്ളവരാണ്. കോടതി വിധിയിൽ ജനം സാമാന്യ നീതിയാണ് പ്രതീക്ഷിക്കുന്നത്. "അതിനെ അട്ടിമറിക്കുന്ന വിധി വന്നു എന്നാണ് ജനം മനസ്സിലാക്കുന്നത്. അതിജീവിതക്ക് കേരളം പൂർണ്ണ പിന്തുണ നൽകുന്നു. അതിജീവിതയുടെ നീതിക്ക് വേണ്ടിയുള്ള നിലപാടിനൊപ്പമാണ് താൻ. വിധിയിൽ കേരളത്തിലെ പൊതു മനസിന് ആവലാതിയുണ്ട്."
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിലെ വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. "അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തിയ രാഹുൽ ഈശ്വറിന് ജാമ്യം നിഷേധിച്ചു. എന്നാൽ അതിനേക്കാൾ വലിയ കുറ്റകൃത്യം കാണിച്ച രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നൽകി. രാഹുൽ ഒരു സീരിയൽ ഒഫണ്ടർ ആണ്. നാട് പ്രതീക്ഷിക്കുന്ന നീതിബോധം കേരളത്തിലെ ചില കോടതികളിൽ നിന്ന് ഉണ്ടാവുന്നില്ല." രാഹുലിനെ പുറത്താക്കി എന്ന് പറയുന്ന പാർട്ടി തന്നെ പൂച്ചെണ്ട് നൽകി സ്വീകരിച്ചുവെന്നും എം.എ. ബേബി വിമർശിച്ചു.