തിരുവനന്തപുരം : കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനത്തിന് എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് സഭയിൽ എത്തിയിട്ടില്ല. അദ്ദേഹത്തെ അനുഗമിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറിനെതിരെ പരാതിയുമായി ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.(Rahul Mamkootathil in Kerala Assembly )
ഇതിൽ പറയുന്നത് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്നാണ്. ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇവർ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവർക്കു പരാതി നൽകും.
അതേസമയം, ഇന്ന് നിയമസഭ പ്രക്ഷുബ്ധമാകും. പ്രതിപക്ഷവും ഭരണപക്ഷവും പരസപരം കടന്നാക്രമിക്കാനാണ് തീരുമാനം. പൊലീസ് അതിക്രമങ്ങൾ ഇന്ന് സഭയിൽ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കും. യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിൽ മർദ്ദിച്ചത് മുതൽ കെ എസ് യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ചത് വരെയുള്ള കാര്യങ്ങൾ ഇക്കൂട്ടത്തിൽ ഉണ്ടാകും. പ്രശ്നം അടിയന്തര പ്രമേയമായി ഉന്നയിക്കും.
പ്രതിപക്ഷത്തിന് മുന്നിൽ വിട്ടു കൊടുക്കാതിരിക്കാൻ ഭരണപക്ഷവും ശ്രമിക്കും. ഇതിന് പിണറായി വിജയൻ നിർദേശം നൽകിയെന്നാണ് സൂചന.