Rahul Mamkootathil : നിയമസഭയിൽ രാഹുലിന് ലഭിച്ച ആ കുറിപ്പിൽ ഉണ്ടായിരുന്നത് എന്ത് ? : സംസാരിക്കാതെ കോൺഗ്രസ് അംഗങ്ങൾ, കുറിപ്പെത്തിയതോടെ സ്ഥലം വിട്ട് രാഹുൽ
തിരുവനന്തപുരം : അഭ്യൂഹങ്ങൾക്കിടയിൽ നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയോട് സംസാരിക്കാതെ കോൺഗ്രസ് അംഗങ്ങൾ. പ്രതിപക്ഷ നിരയുടെ അവസാന കസേരയും കഴിഞ്ഞായിരുന്നു അദ്ദേഹത്തിൻ്റെ ഇരിപ്പിടം. ലീഗ് എം എൽ എമാർ മാത്രമാണ് അദ്ദേഹത്തോട് സംസാരിച്ചത്. യു.എ. ലത്തീഫ്, നജീബ് കാന്തപുരം, എ.കെ.എം.അഷ്‌റഫ്, ടി.വി.ഇബ്രാഹിം എന്നവർ രാഹുലിനോട് സംസാരിച്ചു.(Rahul Mamkootathil in Kerala Assembly)
സഭയിലെത്തി കുറച്ചു സമയത്തിനുള്ളിൽ അദ്ദേഹത്തിന് ഒരു കുറിപ്പ് ലഭിച്ചു. അതിന് മറുപടി നൽകിയതിന് പിന്നാലെ രാഹുൽ സഭ വിട്ടു. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പുറത്തിറങ്ങി അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് കുറിപ്പ് ലഭിച്ചതും രാഹുൽ സഭ വിടുന്നതും.
അതേസമയം, ലൈംഗികാരോപണ വിധേയനായ, കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒടുവിൽ മൗനം വെടിഞ്ഞു. സംഭവത്തിന് ശേഷം അദ്ദേഹം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ സഭയിൽ എത്തിയത് പാർട്ടിയെ ധിക്കരിച്ചല്ല എന്നും, ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും അദ്ദേഹത്തെ പ്രതികരിച്ചു. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ല എന്നും രാഹുൽ കൂട്ടിച്ചേർത്തു.
പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ആരോപണങ്ങളെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്നും, അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. മരിക്കും വരെ കോൺഗ്രസുകാരൻ ആയിരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ കാർ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞു. എം എൽ എ ഹോസ്റ്റലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധിക്കുമ്പോഴും രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. ഇത് ഏറെ നേരം തുടർന്നു. പിന്നാലെ പോലീസെത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. തങ്ങൾ ഇവിടെയൊക്കെ തന്നെയുണ്ടെന്നും, ആക്രമിക്കാനല്ല, പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ് എഫ് ഐ നേതാക്കൾ പറഞ്ഞു.
നിയമസഭയിലേക്ക് പോവുകയാണെന്നും, അവിടെ വച്ച് പ്രതികരിക്കാമെന്നും രാഹുൽ പ്രതികരിച്ചു. തിരുവല്ലം പൊലീസിന്‍റെ എസ്കോര്‍ട്ട് വാഹനവും എത്തിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് അഭിറാം, ജില്ലാ സെക്രട്ടറി മിഥുൻ പൊട്ടോക്കാരൻ, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അഖിലേഷ് എന്നിവരയടക്കം അറസ്റ്റ് ചെയ്ത് നീക്കി.
അഭ്യൂഹങ്ങൾക്കൊപ്പം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ എതിർപ്പിനെയും കാറ്റിൽ പറത്തിയാണ് പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ സമ്മേളനത്തിനെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം മണ്ഡലത്തിലും സജീവമാകും. രാഹുൽ ശനിയാഴ്ച പാലക്കാടെത്തും. അദ്ദേഹം പൊതുപരിപാടികളിലും പങ്കെടുക്കും. തുടർന്ന് ഞായറാഴ്ചയോടെ മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിൽ എത്തും. എന്നാൽ, രാഹുലിനെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ല എന്നാണ് ഡി വൈ എഫ് ഐയും ബി ജെ പിയും പറഞ്ഞത്.
രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും സംസാരിച്ചു. രാഹുലിൻ്റെ ബ്ലോക്കിൽ വന്നിരുന്ന് യു.എ ലത്തീഫ് സംസാരിച്ചു. കൂടാതെ, ടി.വി ഇബ്രാഹിമും അദ്ദേഹത്തോട് സംഭാസനം നടത്തി. അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കിലാണ് ഇരിപ്പിടം. 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിൽ രാഹുൽ എത്തിയത്.
അതേസമയം 12 ദിവസത്തേക്കുള്ള സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സഭ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്ക് ആദരവ് അർപ്പിച്ചു. സഭയിലെ സന്ദർശക ഗ്യാലറിയിൽ വി എസിൻ്റെ മകൻ എത്തിയിരുന്നു. ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ 6 മുതൽ 10 വരെ എന്നിങ്ങനയെയാണ് സഭ ചേരുന്നത്. രാഹുലിന് പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അദ്ദേഹം സഭയിൽ എത്തിയപ്പോൾ അനുകൂലമായോ, പ്രതികൂലമായോ പ്രതികരണം ഉണ്ടായില്ല. അടൂരിലെ വീട്ടിൽ നിന്നും പുലർച്ചെ തന്നെ ഇറങ്ങി എന്നാണ് വിവരം. രാഹുൽ കയറി വന്നത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ആദരിക്കുന്നതിനിടയിലാണ്.