തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാതിക്രമ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ സിജോ ജോസ് ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.(Rahul Mamkootathil case, Congress worker arrested for sharing information including pictures of survivor)
അതിജീവിത ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തിൽ ചിത്രവും മറ്റ് വിവരങ്ങളും സിജോ ജോസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി എം.കെ, സബ് ഇൻസ്പെക്ടർ സൗമ്യ ഇ.യു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദമാണ് ഇന്ന് പൂർത്തിയായത്. കോടതി നിർദേശിച്ച ഒരു രേഖ കൂടി പ്രോസിക്യൂഷൻ ഹാജരാക്കേണ്ടതുണ്ട്.
വിധി പറയാൻ വൈകുമെങ്കിൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷൻ ഉറപ്പുനൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ ഈ കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂട്ടർ മറുപടി നൽകി. ബലാത്സംഗം, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം എന്നിവക്ക് തെളിവുകളുണ്ടെന്ന ഗുരുതര പരാമർശങ്ങൾ അടങ്ങിയ പൊലീസ് റിപ്പോർട്ട് ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.