പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. പാലക്കാട് കുത്തന്നൂരിൽ വെച്ച് കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചെന്നിത്തല മറുപടി നൽകുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രകോപിതരായി ഇടപെടുകയായിരുന്നു.(Rahul Mamkootathil case, Clashes broke out while Ramesh Chennithala was responding)
ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിക്കൂ എന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രവർത്തകർ ചെന്നിത്തലയെ വളഞ്ഞത്. "ഇടപെടരുത്, താൻ മറുപടി പറയുകയാണ്" എന്ന് ചെന്നിത്തല പറഞ്ഞിട്ടും പ്രവർത്തകർ പിന്മാറിയില്ല. ചെന്നിത്തല പ്രതികരണത്തിന് ശേഷം പോയിട്ടും കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരോട് തട്ടിക്കയറുന്നത് തുടർന്നു.
മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വന്ന ശേഷം രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. നേതാക്കൾ കൂടിയാലോചന നടത്തുമെന്നും കെപിസിസി നേതൃത്വം യുക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. "പരാതി വരുന്നതിനു മുമ്പ് തന്നെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതാണ്. ഇങ്ങനെ ഒരു നടപടി മറ്റേത് പാർട്ടി സ്വീകരിക്കുമെന്നും" അദ്ദേഹം ചോദിച്ചു.
"സിപിഎമ്മിന്റെ എത്ര എംഎൽഎമാർക്കെതിരെ കേസ് ഉണ്ട്? തീവ്രത അളക്കുകയാണ് സിപിഎം ചെയ്തതെന്നും" ചെന്നിത്തല കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തലയുടെ വാർത്താസമ്മേളനം കോൺഗ്രസ് പ്രവർത്തകർ അലങ്കോലപ്പെടുത്തിയത് കോൺഗ്രസ് നേതൃത്വം ഗൗരവമായി കാണണമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. "ആ ദൃശ്യങ്ങൾ പറയുന്നത് കോൺഗ്രസ്സിൽ മാഫിയ സംഘം ശക്തി പ്രാപിക്കുന്നു എന്നാണ്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗത്തെ പോലും പാർട്ടി പ്രവർത്തകർ അവർക്ക് ഇഷ്ടമല്ലാത്തത് പറയാൻ അനുവദിക്കുന്നില്ല. ഈ മാഫിയക്കെതിരെ കോൺഗ്രസ് മൗനം പാലിക്കരുത്. രമേശ് ചെന്നിത്തലക്കെതിരെ ആയതുകൊണ്ട് ഇന്ന് നടന്നത് നല്ലത് എന്ന് വിചാരിക്കുന്ന ചിലർ ആ പാർട്ടിയിൽ ഉണ്ടാകും. അത് നാളെ സതീശനും മുരളീധരനും വേണുഗോപാലിനും സണ്ണി ജോസഫും ഒക്കെ നേരിടേണ്ടി വരും. ഇതാണ് ആ മാഫിയ സംഘത്തിന്റെ രീതി," എന്നും ബിനോയ് വിശ്വം പറഞ്ഞു.
ആരാണ് കോൺഗ്രസിലെ മാഫിയാ സംഘങ്ങൾക്ക് പണം നൽകുന്നതെന്നും ആരാണ് അവരെ പോറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന രണ്ടാമത്തെ ബലാത്സംഗ പരാതിക്ക് പിന്നാലെ കോൺഗ്രസിലെയും യുഡിഎഫിലെയും വനിതാ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. കെ.കെ. രമ എംഎൽഎ, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ജെബി മേത്തർ, ദീപ്തി മേരി വർഗീസ്, സജന ബി. സാജൻ എന്നിവർ രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തി. രാഹുലിനെ ഒരു നിമിഷം പോലും പാർട്ടിയിൽ തുടരാൻ അനുവദിക്കരുതെന്നും എംഎൽഎ സ്ഥാനം രാജിവെപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി പ്രഖ്യാപിക്കാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കൂടുതൽ നടപടിയിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ എടുക്കാൻ പറ്റുന്ന നടപടികൾ നേരത്തെ തന്നെ എടുത്തു. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിൽ ചില നടപടി ക്രമങ്ങളുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.