പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് വി.പി. ദുൽഖിഫിൽ രംഗത്ത്. രാഹുൽ എംഎൽഎ സ്ഥാനം അടക്കം രാജിവെച്ച് പൊതുപ്രവർത്തനം അവസാനിപ്പിച്ച് മാറിനിൽക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ദുൽഖിഫിൽ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് എംഎൽഎക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.(Rahul Mamkootathil betrayed the party, says Youth Congress leader)
"രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചെയ്തിരിക്കുന്നത് കടുത്ത വഞ്ചനയാണ്. യുഡിഎഫ് അണികളിലെ മാർക്സിസ്റ്റ് വിരോധവും പിണറായി ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള അതിവൈകാരികതയേയും തന്റെ തെറ്റിനെ മറച്ചുവെക്കാനുള്ള ഉപാധിയായി കണ്ടു."പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുൽ ഉപേക്ഷിച്ച് എന്നെന്നേക്കുമായി പൊതുപ്രവർത്തന രംഗത്ത് നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സസ്പെൻഡ് ചെയ്ത പാർട്ടി തീരുമാനത്തെ പുല്ലുവില നൽകാതെ പുച്ഛിച്ച് മുന്നോട്ട് പോയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഈ പാർട്ടി പ്രവർത്തകരെ പോലും അവഹേളിക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോയത്." പൊതുപ്രവർത്തകർ പാലിക്കേണ്ട മിനിമം ജാഗ്രതയും കരുതലും ഏത് ഉന്നതനും നിർബന്ധമാണ്. "സമൂഹമാധ്യമങ്ങളിലെ ലൈക്കിന്റെ എണ്ണമോ, സൈബർ ഇടങ്ങളിലെ പിന്തുണയോ എന്നതിനപ്പുറം ജനമധ്യത്തിൽ പ്രവർത്തിക്കുന്ന കോടിക്കണക്കിന് പാർട്ടി പ്രവർത്തകരാണ് പാർട്ടി സ്വീകരിച്ച നടപടിക്ക് മാതൃകയായി കണ്ടത്." നിരപരാധിത്വം തെളിയിക്കാൻ പാർട്ടി അച്ചടക്ക നടപടി നേരിടുന്ന വ്യക്തിക്ക് അർഹതയുണ്ടെന്ന് സമ്മതിച്ച ദുൽഖിഫിൽ, എന്നാൽ നിരപരാധിത്വം തെളിയുന്നതിന് മുമ്പ് തന്നെ പാർട്ടി നടപടിയെ വെല്ലുവിളിക്കുന്നത് ഭൂഷണമല്ലെന്ന് ചൂണ്ടിക്കാട്ടി. അത് പാർട്ടിക്കുണ്ടാക്കുന്ന പ്രയാസങ്ങളും പ്രതിസന്ധിയും ചെറുതല്ല എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. രാഹുലിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ കഴിഞ്ഞ ദിവസം പ്രതികരിച്ചതിന് പിന്നാലെയാണ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ തുറന്ന വിമർശനം പുറത്തുവന്നത്.