കൊച്ചി: മൂന്ന് ബലാത്സംഗക്കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷകൾ ഇന്ന് വിവിധ കോടതികൾ പരിഗണിക്കും. നേമം പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
രാഹുൽ നിലവിൽ മൂന്നാമത്തെ കേസിൽ അറസ്റ്റിലായി റിമാൻഡിലാണെന്ന വിവരം പോലീസ് ഹൈക്കോടതിയെ അറിയിക്കും. അതിജീവിതയുടെ മൊഴി അടങ്ങിയ പ്രത്യേക സത്യവാങ്മൂലവും ഹാജരാക്കും. എംഎൽഎ എന്ന നിലയിൽ രാഹുലിന് ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിക്കും.
കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി, പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കുമെന്ന് നിരീക്ഷിച്ചിരുന്നു. കൂടാതെ, അതിജീവിതയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണവും കോടതി ഗൗരവത്തോടെയാണ് കണ്ടത്.
കാനഡയിലുള്ള എൻആർഐ യുവതിയുടെ പരാതിയിലാണ് ജനുവരി 11-ന് പാലക്കാട്ടെ ഹോട്ടലിൽ നിന്ന് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ മാവേലിക്കര സബ് ജയിലിൽ കഴിയുന്ന രാഹുലിനെതിരെ മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. ജനുവരി 14-ന് തിരുവല്ലയിൽ നടന്ന തെളിവെടുപ്പിനിടെ എംഎൽഎയുടെ വാഹനത്തിന് നേരെ കരി ഓയിൽ പ്രയോഗവും ഉണ്ടായിരുന്നു.