

തിരുവല്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ അട്ടിമറിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിജീവിതയുടെ സ്വകാര്യതയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ പ്രതിഭാഗത്ത് നിന്ന് ഉണ്ടായതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ട്.
രാഹുലിന്റെ സുഹൃത്തുക്കൾ അതിജീവിതയുടെ വ്യക്തിവിവരങ്ങൾ പരസ്യമാക്കിയെന്നും ഇത് കേസ് പിൻവലിപ്പിക്കാൻ ഭീഷണിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിജീവിതയെ ക്രൂരമായ മാധ്യമ വിചാരണയ്ക്ക് വിട്ടുകൊടുത്തതായും ആരോപണമുണ്ട്.
ജനപ്രതിനിധി എന്ന നിലയിലുള്ള രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ട്. പ്രതി സമാനമായ ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന പ്രതിഭാഗം വാദത്തെ പ്രോസിക്യൂഷൻ എതിർത്തു. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതിയെ ബോധിപ്പിച്ചു.
അതേസമയം , എല്ലാം പരസ്പര സമ്മതത്തോടെ (Consensual) നടന്നതാണെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ പ്രധാന വാദം. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് തിരുവല്ല ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യഹർജി നിരസിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകർ പത്തനംതിട്ട ജില്ലാ കോടതിയെ സമീപിക്കും. മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാലുടൻ ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാനാണ് നീക്കം.