പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. യുവതി നൽകിയ ഇ-മെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. നിലവിൽ വിദേശത്തുള്ള പരാതിക്കാരിയുടെ മൊഴി വീഡിയോ കോൺഫറൻസിങ് വഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.(Rahul Mamkootathil arrested, Complainant is abroad)
സോഷ്യൽ മീഡിയ വഴിയാണ് രാഹുലിനെ പരിചയപ്പെടുന്നത്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്ത് സൗഹൃദം സ്ഥാപിച്ച രാഹുൽ, വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു.
രാഹുൽ നിർദ്ദേശിച്ച ഹോട്ടലിൽ മുറി ബുക്ക് ചെയ്ത് എത്തിയപ്പോൾ, സംസാരിക്കാൻ പോലും തയ്യാറാവാതെ തന്നെ ക്രൂരമായി ലൈംഗികമായി ആക്രമിച്ചു. മർദ്ദനമേറ്റതായും ശരീരമാകെ പരിക്കേറ്റതായും പരാതിയിൽ പറയുന്നു. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ കുഞ്ഞിന്റെ പിതൃത്വത്തെ രാഹുൽ ചോദ്യം ചെയ്തു. ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാണെന്ന് അറിയിച്ചെങ്കിലും രാഹുൽ സമ്മതിച്ചില്ല. തുടർന്നുണ്ടായ ഭീഷണികൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ ഗർഭം അലസി.
പാലക്കാട് ഫ്ലാറ്റ് വാങ്ങാനെന്ന പേരിൽ സാമ്പത്തിക സഹായം കൈപ്പറ്റിയതിനൊപ്പം, വിലകൂടിയ വാച്ചുകൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയും തന്നിൽ നിന്നും വാങ്ങിച്ചതായി യുവതി ആരോപിക്കുന്നു. നേരത്തെ മറ്റ് ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോൾ താനും പരാതി നൽകുമെന്ന് മനസ്സിലാക്കിയ രാഹുൽ, തന്റെ കുടുംബത്തെയും മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
എസ്ഐടി മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട എ.ആർ ക്യാമ്പിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അർദ്ധരാത്രി പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. യുവതി നാളെ നാട്ടിലെത്തുമെന്നാണ് വിവരം. ഇതിന് ശേഷം നേരിട്ടുള്ള മൊഴിയെടുക്കലും തെളിവെടുപ്പും ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും. അതീവ രഹസ്യമായി നീങ്ങിയ പോലീസ്, എംഎൽഎയുടെ ഓരോ ചലനങ്ങളും നിരീക്ഷിച്ച ശേഷമാണ് ഇത്തരമൊരു നീക്കം നടത്തിയത്.