രാഹുൽ മാങ്കൂട്ടത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു: കേസ് നാളെ പരിഗണിക്കും, രാഹുൽ കീഴടങ്ങിയേക്കില്ല, ഒളിവിൽ തുടരുന്നു | Rahul Mamkootathil

ഒൻപതാം ദിവസവും ഇയാൾ ഒളിവിലാണ്
Rahul Mamkootathil approaches High Court seeking anticipatory bail
Updated on

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.(Rahul Mamkootathil approaches High Court seeking anticipatory bail)

രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന എം.എൽ.എക്കായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിരിക്കുകയാണ്.

തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം രാഹുലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഇന്നലെ തന്നെ രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ എസ്. രാജീവ് മുഖേനയാണ് രാഹുൽ ഹർജി നൽകിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ പ്രധാനമായും രണ്ട് വാദങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്നത്. പരാതിക്കാരിയുടെ മൊഴി പരിശോധിച്ചാൽ ബലാത്സംഗക്കുറ്റം (IPC 376) നിലനിൽക്കില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല പരാതി നൽകിയത്. മറിച്ച്, മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. കൂടാതെ, പരാതി നൽകുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട്.

ഇരുവരുടെയും വൈവാഹിക അവസ്ഥ എന്താണെന്ന് വ്യക്തമായിരുന്നെന്നും രാഹുൽ മുൻകൂർ ജാമ്യഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ പോലീസ് നടപടികൾ ഫലപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലൈംഗിക വൈകൃത നടപികളാണ് രാഹുലിൽ നിന്ന് ഉണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പോലീസിൻ്റെ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുകയാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാഹുൽ പൊതുരംഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ട വ്യക്തിയാണ്. ജയിലിൽ കിടന്ന എത്ര എം.എൽ.എമാരെ കോൺഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാഹുലിനെതിരെ എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചം ഒരുക്കി. രാഹുലിനെ ഭാവിയുടെ വാഗ്ദാനമായി കോൺഗ്രസ് അവതരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. രാഹുലിനെ എതിർക്കുന്നവർക്കെതിരെ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com