പാലക്കാട്: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിടികൂടാനുള്ള പോലീസ് അന്വേഷണം ശക്തമാക്കി. ഒളിവിൽ പോകാനായി രാഹുൽ അതിവിദഗ്ദ്ധമായ നീക്കങ്ങളാണ് നടത്തിയതെന്ന് പോലീസ് പറയുന്നു. പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സി.സി.ടി.വി. ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയാണ് രാഹുൽ സഞ്ചരിച്ചത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാനായി കാർ മാത്രം പല വഴികളിലൂടെ സഞ്ചരിച്ചതായും റിപ്പോർട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ സിസിടിവി പരിശോധനയിൽ രാഹുലിന്റെ യാത്രാ റൂട്ട് അവ്യക്തമാണ്. ഇന്ന് വീണ്ടും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും, ഉച്ചയോടെ രാഹുൽ പോയ വഴി കണ്ടെത്താൻ കഴിയുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.(Rahul Mamkootathil absconds with great skill, police protection for woman)
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ പാലക്കാട്ടെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡി.വി.ആറിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത്. ഫ്ലാറ്റിലെ ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട്, കെയർ ടേക്കറെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും.
രാഹുലിനെ കണ്ടെത്താനായി ഓരോ ജില്ലകളിലും പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി പോലീസിന് കീഴിലെ പ്രത്യേക അന്വേഷണ സംഘത്തിന് പുറമെ, ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ മറ്റു ജില്ലകളിലും പരിശോധന നടക്കുന്നുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.
രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തിരച്ചിൽ പുരോഗമിക്കുകയാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന പരിശോധന. രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ബലാത്സംഗ കേസിൽ രാഹുൽ നൽകിയ ജാമ്യാപേക്ഷ ബുധനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോഴും അറസ്റ്റിന് തടസ്സമില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് പോലീസ് നീക്കം ഊർജ്ജിതമാക്കിയത്.
ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയായ യുവതിക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി. യുവതിക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണിത്. യുവതിയുടെ ഗർഭഛിദ്രം നടന്നത് അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ ചികിത്സിച്ച ഡോക്ടർ പോലീസിന് മൊഴി നൽകി. രാഹുലിന്റെ നിർദ്ദേശപ്രകാരം സുഹൃത്ത് ജോബി ജോസഫ് നൽകിയ ഗുളികകൾ കഴിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഗർഭം ധരിച്ച് പരമാവധി ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളികകളാണ് മൂന്ന് മാസം ഗർഭിണിയായിരിക്കെ ഡോക്ടറുടെ നിർദ്ദേശമോ മേൽനോട്ടമോ ഇല്ലാതെ കഴിച്ചത്.
ഇത് അതീവ ഗുരുതരമായ സ്ഥിതിയിലെത്തിച്ചു. അമിത രക്തസ്രാവം മൂലം യുവതി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മാനസികമായി തകർന്ന യുവതി സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രി രേഖകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. വിവാഹബന്ധം വേർപെടുത്തിയ യുവതിയെ ആശ്വസിപ്പിക്കാനെത്തിയ രാഹുൽ, സൗഹൃദം പ്രണയമായതിനു പിന്നാലെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. പുറത്തുവന്ന ശബ്ദസന്ദേശങ്ങൾ യുവതിയുടേത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ അന്വേഷണ സംഘം ഇവ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് കൈമാറി. കസ്റ്റഡിയിലെടുത്ത ശേഷം രാഹുലിന്റെ ശബ്ദ സാംപിളുകളും പരിശോധിക്കാനും നീക്കമുണ്ട്.
ലൈംഗികപീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തു. എ.ആർ. ക്യാമ്പിലെത്തിച്ച് മണിക്കൂറുകൾ ചോദ്യം ചെയ്ത ശേഷമാണ് കഴിഞ്ഞ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.