അതിവേഗം ഉയർന്ന്, അതേ വേഗത്തിൽ താഴേയ്ക്ക് വീണ രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ നേതാവ് | Rahul Mamkootathil

ഒരിക്കൽ കോൺഗ്രസിന്റെ മൂർച്ചയേറിയ നാവായിരുന്നു അദ്ദേഹം
Rahul Mamkootathil, a young leader who rose rapidly and fell just as quickly
Updated on

പാലക്കാട്: അതിശയിപ്പിക്കുന്ന വേഗത്തിൽ കോൺഗ്രസിന്റെ മുഖമായി ഉയർന്ന രാഹുൽ മാങ്കൂട്ടത്തിൽ അതേ വേഗത്തിൽ തന്നെ തകർന്ന് വീണിരിക്കുന്നു. ബലാത്സംഗക്കേസിൽ ജാമ്യം നിഷേധിക്കപ്പെടുകയും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തതോടെ, ഏണിയും പാമ്പും കളി പോലെയായി രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവ നേതാവിന്റെ രാഷ്ട്രീയ ജീവിതം.(Rahul Mamkootathil, a young leader who rose rapidly and fell just as quickly)

തുടർച്ചയായി പ്രതിപക്ഷത്തായിപ്പോയ കോൺഗ്രസിന്റെ മനോവീര്യം വീണ്ടെടുക്കാൻ, സൈബറിടത്തും പൊതുരംഗത്തും ആക്രമണോത്സുകനായ ഒരു മുന്നണിപ്പോരാളിയെ ആവശ്യം വന്നപ്പോൾ പാർട്ടി കണ്ടെത്തിയ മുഖമായിരുന്നു രാഹുൽ. എന്നാൽ, ആ വിശ്വാസം തകർക്കുകയും പാർട്ടിയെ നാണം കെടുത്തുകയും ചെയ്തതിന്റെ കലിയിലാണ് അദ്ദേഹത്തെ കോൺഗ്രസ് പിടിച്ചു പുറത്താക്കിയത്.

സൈബറിടവും റീലുകളും രാഷ്ട്രീയം നിയന്ത്രിക്കുന്ന കാലത്ത്, രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ സൂപ്പർ താരമായിരുന്നു. ഖദറല്ല, കളറാണ് ധരിക്കേണ്ടതെന്ന് വിശ്വസിച്ച ഷാഫി പറമ്പിലിനെപ്പോലുള്ള ന്യൂജെൻ നേതാക്കൾക്ക് രാഹുലും ഒരു റോൾ മോഡലായി.

ചാനൽ ചർച്ചകളിലും കവലയോഗങ്ങളിലും കോൺഗ്രസിന്റെ മൂർച്ചയേറിയ നാവായി അദ്ദേഹം മാറി. പിണറായി വിജയനെ "വിജയൻ" എന്ന് വിളിച്ച് കോൺഗ്രസ് അണികളെ ഹരം കൊള്ളിച്ചു. ഈ ശൈലി കോൺഗ്രസിന്റേതല്ലെന്ന വിമർശനം ഉയർന്നെങ്കിലും രാഹുൽ ഉറച്ചുനിന്നു. സാമൂഹിക മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ എഴുത്തിനും വലിയ സ്വീകാര്യത ലഭിച്ചു. ആരെയും വളഞ്ഞിട്ട് കുത്താൻ പോന്ന സൈബർ സംഘങ്ങളുടെ നേതാവായി രാഹുൽ അതിവേഗം വളർന്നു.

പരിഗണിക്കേണ്ട യുവജന നേതാക്കൾ വേറെ ഉണ്ടായിട്ടും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന രാഹുലിനെ, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും പിന്നീട് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലേക്കും ഷാഫി പറമ്പിൽ മുന്നോട്ട് വെച്ചത് രാഹുലിന്റെ രാഷ്ട്രീയ വളർച്ചയിൽ നിർണ്ണായകമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി മാസങ്ങൾക്കുള്ളിൽ, ഷാഫിയുടെ വാശിക്ക് പാർട്ടി വഴങ്ങി രാഹുലിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കി. പ്രതിപക്ഷ നേതാവിന്റെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. സർക്കാരിനെതിരെ സമരത്തിന്റെ പേരിൽ വീടുവളഞ്ഞ് രാഹുലിനെ അറസ്റ്റ് ചെയ്ത സംഭവം അണികൾക്കിടയിൽ അദ്ദേഹത്തെ ഹീറോയാക്കി മാറ്റി.

ഗുരുതരമായ ആരോപണം ഉയർന്നപ്പോൾ ഇരകളെയും പൊതു സമൂഹത്തെയും രാഹുൽ വെല്ലുവിളിച്ചു. പദവി ഒഴിയാൻ നിർബന്ധിതനാകുമ്പോഴും ധാർമികത എന്ന പ്രശ്നം അദ്ദേഹത്തെ അലട്ടിയില്ല. നിയമപരമായി തെറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. സ്വഭാവ ദൂഷ്യത്തിന് നടപടിയെടുക്കുമ്പോൾ അതിന് വഴങ്ങാതെ, നടപടിക്ക് വാദിച്ചവരെയും വിമർശിച്ചവരെയും അധിക്ഷേപിച്ചു. മുതിർന്ന നേതാക്കളിൽ ചിലർ പിന്തുണച്ചെങ്കിലും, അതിഗുരുതരമായ പരാതികൾ വന്നപ്പോൾ പിന്തുണച്ചവർ കൈവിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com