
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന് കുറുക്കു മുറുക്കിക്കൊണ്ട്, കൂടുതല്‍ ശബ്ദരേഖകള്‍ പുറത്ത് വന്നു. ഗര്‍ഭിണിയായ യുവതിയെ രാഹുല്‍ മാങ്കൂട്ടത്തിൽ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദം ചെലുത്തുന്ന ഫോണ്‍ കോള്‍ സംഭാഷണമെന്ന പേരിലാണ് പുതിയ ശബ്ദരേഖകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടത്. യുവതിയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ ശബ്ദസന്ദേശം. ഗര്‍ഭച്ഛിദ്രം നടത്തിയില്ലെങ്കില്‍ തന്റെ ജീവിതം തകരുമെന്ന് ആവര്‍ത്തിക്കുമ്പോഴും യുവതി സമ്മതിക്കാതെ വരുമ്പോഴാണ് സംഭാഷണത്തില്‍ രാഹുൽ വധഭീഷണി ഉയര്‍ത്തുന്നത്.
ഗര്‍ഭച്ഛിദ്രം നടത്താതിരുന്നാല്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് ബോധമില്ലാത്തതിനാലാണ് ഇത്തരത്തില്‍ സംസാരിക്കുന്നത് എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് താന്‍ സുഹൃത്തുക്കളോട് പോലും പറഞ്ഞിട്ടില്ലെന്ന് യുവതി വ്യക്തമാക്കുന്നു. അതേസമയം , ഞാനൊരു പെണ്ണാണ്, ഇതോണോ തന്റെ ആദര്‍ശം എന്നും ശബ്ദ സന്ദേശത്തില്‍ യുവതി ചോദിക്കുന്നു. ആദര്‍ശം ജീവിതത്തില്‍ കൊണ്ടുവരണം. നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്തത് കൊണ്ട് മറ്റൊരു സ്ഥലത്താണ് നില്‍ക്കുന്നത്. എന്നെക്കാള്‍ പ്രാധാന്യം എന്റെ ജീവിതത്തില്‍ വരുന്ന കുഞ്ഞിന് കൊടുക്കുന്നുണ്ട് എന്നും യുവതി സംഭാഷണത്തിനിടെ ആവര്‍ത്തിക്കുന്നു.
ഇതിനിടെ, എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത് എത്തിയിരുന്നു. എംഎല്‍എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിലേ ഇല്ലെന്നായിരുന്നു രാഹുൽ പറഞ്ഞത്. രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.