തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ കോൺഗ്രസിൻ്റെ ഇ.വി.എം. വോട്ടുചോർച്ച ആരോപണങ്ങൾക്കെതിരെ ആയുധമാക്കി ബി.ജെ.പി. ഫലം അനുകൂലമല്ലാത്തപ്പോൾ ഇ.വി.എമ്മിനെ കുറ്റം പറയുന്ന രാഹുൽ ഗാന്ധി, അനുകൂലമാകുമ്പോൾ ഫലം അംഗീകരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി.( Rahul Gandhi's double standards, BJP uses local body election results as a weapon)
കോൺഗ്രസ് ഡൽഹിയിൽ വോട്ടുചോർച്ചയ്ക്ക് എതിരെ മഹാറാലി സംഘടിപ്പിക്കാനിരിക്കെയാണ് ബി.ജെ.പി. വിമർശനം കടുപ്പിച്ചത്. ബി.ജെ.പി. വക്താവ് അമിത് മാളവ്യ പറഞ്ഞത് "ഫലം അനുകൂലമല്ലാത്തപ്പോഴെല്ലാം ഇ.വി.എമ്മിനെ കുറ്റം പറയുകയാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. എന്നാൽ, കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഫലം അനുകൂലമായപ്പോൾ അദ്ദേഹം അത് സ്വീകരിക്കുന്നു,"എന്നാണ്.
"ഈ ഇരട്ടത്താപ്പ് ജനാധിപത്യത്തെ ദുർബലമാക്കുകയും സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം ഇല്ലാതാക്കുകയും ചെയ്യും. ഒഴിവുകഴിവുകളല്ല, തോൽവിയെയും അംഗീകരിക്കുന്ന നേതാക്കളെയാണ് ജനാധിപത്യത്തിന് ആവശ്യം. ഈ വിഷയത്തിൽ പ്രതിപക്ഷം ഗൗരവമായ പുനഃർചിന്തനം നടത്തണം," അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത് മാളവ്യയുടെ വിമർശനത്തിനെതിരെ കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് രംഗത്തെത്തി."എന്തുകൊണ്ടാണ് ഇ.വി.എമ്മിനെ തന്നെ അവർ ആശ്രയിക്കുന്നത്? ചലഞ്ച് കണക്കിലെടുത്ത് അത് വേണ്ടെന്ന് വയ്ക്കാൻ അവർക്ക് കഴിയാത്തതെന്താണ്?" അദ്ദേഹം ചോദിച്ചു. ഇ.വി.എം. വിഷയത്തിൽ അഖിലേന്ത്യ നേതൃത്വം നേരത്തെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ എൻ.ഡി.എ. വിജയം 'ലഡുവിന്റെ മുകളിലെ മുന്തിരി പോലെയാണ്'. മൊത്തത്തിൽ ബി.ജെ.പിക്ക് വലിയ നേട്ടമില്ല. തൃശ്ശൂരിൽ പോലും അവർ തോറ്റു. യു.ഡി.എഫിന്റെ ചരിത്ര വിജയത്തിൽ ഇതിനൊന്നും പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.