തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ പ്രതിയായ രാഹുൽ ഈശ്വർ സമർപ്പിച്ച ജാമ്യഹർജി ഇന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി പരിഗണിക്കും.(Rahul Easwar's bail plea in court today, Crucial)
നേരത്തെ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ്, രാഹുൽ ഈശ്വർ കീഴ്ക്കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചത്. രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ശേഷം രാഹുൽ ഈശ്വറിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ തിരികെ പ്രവേശിപ്പിച്ചിരുന്നു. സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.
കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് സെഷൻസ് കോടതി പരിഗണിക്കാൻ മാറ്റി വെച്ചിരുന്നു. എന്നാൽ, ഇന്ന് ജഡ്ജി അവധിയായതിനാൽ ചുമതലയുള്ള മറ്റൊരു കോടതിയിലായിരിക്കും ഹർജി വരിക. കേസ് പരിഗണിച്ച ശേഷം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത.
തൻ്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുള്ള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിൻ്റെ പ്രധാന വാദം. പരാതിക്കാരിയുടെ പേരോ മറ്റ് വിവരങ്ങളോ താൻ പരസ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ വാദിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
ജയിലിൽ പ്രവേശിപ്പിച്ച സമയം മുതൽ രാഹുൽ ഈശ്വർ നിരാഹാരത്തിലാണ്. പോലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തു എന്ന് ആരോപിച്ചാണ് അദ്ദേഹത്തിൻ്റെ നിരാഹാര സമരം. വെള്ളം മാത്രം മതിയെന്ന് ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട അദ്ദേഹം, ഇക്കാര്യം ജയിൽ സൂപ്രണ്ടിന് എഴുതി നൽകിയിട്ടുണ്ട്. ക്ഷീണിതനെന്ന ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നൽകിയിരുന്നു.
പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപ പരാതിയിൽ സംസ്ഥാനത്താകെ ഇതുവരെ 20 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൈബർ ആക്രമണക്കേസുകളിൽ പൊതുവെ പോലീസ് സ്വീകരിക്കാറുള്ള നിലപാടല്ല രാഹുൽ ഈശ്വറിൻ്റെ കാര്യത്തിൽ കണ്ടുവരുന്നത്. രാഹുൽ ഈശ്വറിനെതിരായ കേസിൽ അതിവേഗ നടപടികളുമായാണ് തിരുവനന്തപുരം സൈബർ പോലീസ് മുന്നോട്ട് പോകുന്നത്. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത് പരമാവധി തെളിവുകൾ ശേഖരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.