കൊച്ചി: അതിജീവിതയെ സോഷ്യൽ മീഡിയയിലൂടെ വീണ്ടും അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് അതിജീവിതയെ വീണ്ടും ലക്ഷ്യം വച്ചെന്ന പരാതിയിൽ അറസ്റ്റ് ഭയന്നാണ് രാഹുൽ ഈശ്വർ കോടതിയെ സമീപിച്ചത്.(Rahul Easwar's anticipatory bail plea in High Court today)
സമാനമായ കേസിൽ അറസ്റ്റിലായി രണ്ടാഴ്ചയോളം റിമാൻഡിൽ കഴിഞ്ഞ രാഹുൽ ഈശ്വറിന് ഡിസംബർ 15-നാണ് കോടതി ജാമ്യം അനുവദിച്ചത്. "അതിജീവിതയെ അപമാനിക്കരുത്, കേസിനെക്കുറിച്ച് പരസ്യപ്രതികരണങ്ങൾ നടത്തരുത്" തുടങ്ങിയ കർശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം. എന്നാൽ, ജനുവരി 4-ന് തന്റെ യൂട്യൂബ് ചാനലിലൂടെ രാഹുൽ പങ്കുവെച്ച പുതിയ വീഡിയോ അതിജീവിതയെ വീണ്ടും അപകീർത്തിപ്പെടുത്തുന്നതാണെന്ന് കാണിച്ച് യുവതി സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
താൻ വസ്തുതകൾ മാത്രമാണ് വീഡിയോയിൽ പറഞ്ഞതെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം. വീഡിയോയിലൂടെ തന്റെ വീക്ഷണങ്ങൾ പങ്കുവെക്കുകയാണ് ചെയ്തതെന്നും അത് അതിജീവിതയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.