തിരുവനന്തപുരം: രാഹുൽ ഈശ്വർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനകളുയരുന്നു. മധ്യകേരളത്തിലെ ഏതെങ്കിലും മണ്ഡലത്തിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടി തന്നോട് ആരാഞ്ഞതായി അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞു.(Rahul Easwar to enter the election fray?)
അതേസമയം, അതിജീവിതയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ തൻ്റെ പരാതി ഡി ജി പി സ്വീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ കേസിൽ നേരത്തെ അറസ്റ്റിലായി 16 ദിവസം ജയിലിൽ കഴിഞ്ഞ രാഹുൽ ഈശ്വറിന് കോടതി കർശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ വീണ്ടും അപകീർത്തികരമായ വീഡിയോകൾ പ്രചരിപ്പിച്ചത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിത പോലീസിനെ സമീപിച്ചു.
ജാമ്യം റദ്ദാക്കാൻ പോലീസ് നീക്കം തുടങ്ങിയതോടെ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. ഈ ഹർജി കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും അതിജീവിതയുടെ ഭർത്താവിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നുമാണ് രാഹുലിന്റെ വാദം. പുരുഷന്മാരെ കള്ളക്കേസിൽ കുടുക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.