തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ അതിജീവിതയെ അപമാനിച്ചെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സൈബർ പോലീസ് എടുത്ത കേസിലാണ് നടപടി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പരാതി നൽകിയ യുവതിയെ വീഡിയോയിലൂടെ അധിക്ഷേപിച്ചു എന്നാണ് കേസ്.
താൻ മുൻപ് നൽകിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്നാരോപിച്ച് അതിജീവിത നൽകിയ പരാതിയിലാണ് പുതിയ കേസ് എടുത്തിരിക്കുന്നത്. എന്നാൽ താൻ കോടതിയുടെ ഒരു ജാമ്യവ്യവസ്ഥയും ലംഘിച്ചിട്ടില്ലെന്നും, വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതകൾ മാത്രമാണെന്നും രാഹുൽ ഈശ്വർ ജാമ്യാപേക്ഷയിൽ വാദിക്കുന്നു. അതിജീവിതയെ താൻ വ്യക്തിപരമായി അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ മുൻപ് അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വർ റിമാൻഡിലായിരുന്നു. പിന്നീട് കർശനമായ ജാമ്യവ്യവസ്ഥകളോടെയാണ് അദ്ദേഹത്തിന് മോചനം ലഭിച്ചത്. എന്നാൽ പുറത്തിറങ്ങിയ ശേഷം വീണ്ടും വീഡിയോകളിലൂടെ സമാനമായ രീതിയിൽ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.