തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസിൽ ജയിലിൽ തുടരുന്ന രാഹുൽ ഈശ്വറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിലിൽ നിരാഹാരം തുടരുന്ന രാഹുലിന്‍റെ ആരോഗ്യനില വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് രാഹുലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി ജയിലിലേക്ക് കൊണ്ടുപോകാൻ ആയിരുന്നു ഉദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു.ആരോഗ്യനിലയിൽ മാറ്റമുണ്ടാകുന്ന മുറയ്ക്ക് രാഹുലിനെ തിരികെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിലാണ് രാഹുൽ ജയിലിൽ കഴിയുന്നത്. പൂജപ്പുര ജയിലിലാണ് രാഹുൽ റിമാൻഡിൽ കഴിയുന്നത്. തിരുവനന്തപുരം എസിജെഎം കോടതിയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തത്. അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ അറസ്റ്റ്.