കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തി വനിതാ നേതാവ്. കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ എം എ ഷഹനാസ് ആണ് അനുഭവം മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്.
മാങ്കൂട്ടത്തിലിന്റെ മോശംപെരുമാറ്റം അന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നു. എന്നാൽ ഷാഫി മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്നും, മുൻപ് പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.
കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞു. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോൺഗ്രസ് നേതാക്കൾ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താൻ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാൾക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി അയാൾക്ക് കൊടുത്തുവെന്നും ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.രാഹുലിനെതിരെ ഷാഫിക്ക് പല പരാതികളും ലഭിച്ചിരുന്നു. രാഹുലിനെ സംരക്ഷിച്ചിരുന്നത് ഷാഫിയാണെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.