തൃശ്ശൂർ: രാഗം തിയറ്ററിന്റെ നടത്തിപ്പുകാരനായ സുനിലിനെ വെട്ടിയ സംഭവത്തിൽ, പ്രവാസി വ്യവസായിയും സിനിമാ നിർമാതാവുമായ റാഫേലിനെതിരെ ക്വട്ടേഷൻ ആരോപണം. ആക്രമിക്കപ്പെട്ട സുനിൽ തന്നെയാണ് ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ വെട്ടിക്കൊല്ലാൻ സിജോയ്ക്ക് ക്വട്ടേഷൻ നൽകിയത് റാഫേൽ ആണെന്ന് സുനിൽ ആരോപിക്കുന്നു.(Ragam Theater manager hacked, Quotation allegations against expatriate businessman)
സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെ ചൊല്ലി റാഫേലുമായി തർക്കമുണ്ടായിരുന്നു. ഒരു വർഷം മുമ്പ് സിജോ തന്നെ ഭീഷണിപ്പെടുത്തിയത് റാഫേൽ പറഞ്ഞിട്ടായിരുന്നു. ആ കേസിൽ സിജോയും റാഫേലും കൂട്ടുപ്രതികളാണ്. ഇരിങ്ങാലക്കുട മാസ് തിയറ്റർ ഉടമയാണ് റാഫേൽ പൊഴോലിപറമ്പിൽ.
സുനിലിനെ വെട്ടിയ കേസിൽ രണ്ട് ഗുണ്ടകൾ (ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യൻ, ഗുരുദാസ്) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു. ഗുണ്ടകൾക്ക് ക്വട്ടേഷൻ നൽകിയ സിജോ നേരത്തെ പിടിയിലായിരുന്നു. സിജോ നിലവിൽ റിമാൻഡിലാണ്. (ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപ്പെടുത്തിയ കേസിൽ പ്രതിയാണ് സിജോ).
ഗുണ്ടകൾക്ക് കാറുകൾ തരപ്പെടുത്തിയ മൂന്ന് പേരും പിടിയിലായിരുന്നു. പ്രവാസി വ്യവസായിയാണ് മൂന്ന് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി പോലീസിന് നിർണായക വിവരം ലഭിച്ചിരുന്നു. ഇത് പ്രവാസി വ്യവസായിയുടെ വിശ്വസ്തന്റെ കാറാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.
രാത്രി പത്ത് മണിയോടെയാണ് വെളപ്പായയിലെ സുനിലിന്റെ വീടിന് മുന്നിൽ വെച്ച് ക്വട്ടേഷൻ ആക്രമണം നടന്നത്. കാറിൽ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു.