
കൊച്ചി – വളരെ വ്യത്യസ്തമായ ഈ ഉദ്യമത്തിൽ, റേഡിയോ മിർച്ചിയിലെ എല്ലാ ഷോകളും അവതരിപ്പിക്കുന്നത് പരമ്പരാഗത ആശയവിനിമയ മാനദണ്ഡങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, വിക്കുള്ള ആളുകളാണ്. ഒക്‌ടോബർ 22-ന് അന്താരാഷ്‌ട്ര വിക്ക് ബോധവൽക്കരണ ദിനം ആചരിക്കുന്നതിനും അവബോധം വളർത്തുന്നതിനുമായി, അവരുടെ അസാധാരണമായ കഴിവുകൾ പ്രദർശിപ്പിച്ചുകൊണ്ട് വിക്കുള്ള വ്യക്തികളെ മിർച്ചി ഒരുമിച്ച് കൊണ്ടുവന്നു.(Radio Mirchi )
"സാധാരണയായി, വിക്കുള്ള ആളുകളെ ഒരുപാട് സംസാരം ആവശ്യമുള്ള ജോലികൾ ചെയ്യാൻ കഴിവില്ലാത്തവരായി കണക്കാക്കപ്പെടുന്നു," മോർണിംഗ് ഷോ അവതാരകനായ മാർത്തോമ്മാ കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. അരുൺ വിനോദ് പറഞ്ഞു. "എന്നാൽ അത് ശരിയല്ല എന്നതിൻ്റെ ജീവിക്കുന്ന തെളിവാണ് ഞാൻ – ഞാൻ ഒരു അധ്യാപകനും ഇപ്പോൾ ഒരു RJയുമാണ്!".
യുജിസി NET നു വേണ്ടി തയ്യാറെടുക്കുന്ന ഗായികയും മോട്ടിവേഷണൽ സ്പീക്കറുമായ അഞ്ജലി മരിയ പറഞ്ഞു, "എൻ്റെ വിക്ക് കാരണം ഒരിക്കൽ ഞാൻ ഒരു കരിയർ കൗൺസിലിംഗ് ജോലിയിൽ നിന്ന് നിരസിക്കപ്പെട്ടു. എന്നാൽ അതിനുശേഷം മൂവായിരത്തോളം വരുന്ന ജനക്കൂട്ടത്തോടും ഇപ്പോൾ ആയിരക്കണക്കിന് ശ്രോതാക്കളോടും ഞാൻ സംസാരിച്ചു. ആശയവിനിമയത്തിന് പരിമിതികളില്ല." അഞ്ജലിയാണ് മിഡ് മോർണിംഗ് ഷോ അവതരിപ്പിക്കുന്നത്.
"സിനിമയെയും സംഗീതത്തെയും കുറിച്ച് ഞാൻ മൈക്കിന് മുന്നിൽ സംസാരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല," ഉച്ചക്ക് ശേഷമുള്ള അവതാരകനായ കോഴിക്കോട് ഗവ എച്ച്എസ്എസ്, മെഡിക്കൽ കോളേജ് കാമ്പസിലെ പ്ലസ് വൺ വിദ്യാർത്ഥി അൽ സാബിർ പറഞ്ഞു.
നമുക്ക് ചുറ്റുമുള്ള ആളുകൾക്ക് നിരവധി വൈകല്യങ്ങളുണ്ട്. എന്നാൽ ഈ വൈകല്യങ്ങളെ കരുത്തായി മാറ്റുമ്പോൾ, നമുക്ക് മുന്നോട്ട് പോകാനാകും," മാൾട്ടയിലെ ഗതാഗത ജീവനക്കാരനായ റോമിയോ പറഞ്ഞു. റോമിയോയാണ് ഈവനിംഗ് ഷോ അവതരിപ്പിക്കുന്നത്.
ദേശീയ അവാർഡ് ജേതാവായ നടി സുരഭി ലക്ഷ്മി, സംവിധായകൻ രഞ്ജിത്ത് ശങ്കർ, നടി ശിവദ എന്നിവർ ഈ പ്രത്യേക സംപ്രേക്ഷണത്തിൽ പങ്കെടുത്തിരുന്നു. സംസാര വൈകല്യമുള്ള വ്യക്തികൾ പലപ്പോഴും വിവിധ മേഖലകളിൽ മികവ് പുലർത്തുന്നുണ്ടെന്ന് എടുത്തുകാണിച്ചുകൊണ്ട് ശിവദ പറഞ്ഞു, "സൂക്ഷിക്കുക, നിങ്ങൾ റേഡിയോ ജോക്കികളുടെ ജോലി പോവാതെ നോക്കിക്കോ!".
സംസാര വൈകല്യങ്ങൾക്കിടയിലും ആശയവിനിമയത്തിന് പരിമിതികളില്ലെന്ന് ഈ കാമ്പെയ്ൻ ഊന്നിപ്പറയുന്നു – റേഡിയോ മിർച്ചിയുടെ തമിഴ്‌നാട്, കേരള ബിസിനസ് ഡയറക്ടർ അജിത്. യു. പറഞ്ഞു. "ഈ വ്യക്തികൾക്ക് സ്റ്റീരിയോടൈപ്പുകൾ തകർക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഒരു വേദി നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപ്രധാനമായ ഈ ബ്രോഡ്‌കാസ്റ്റ് ലക്ഷ്യമിടുന്നത് വിക്കിനെക്കുറിച്ചുള്ള അവബോധം വളർത്തുക മാത്രമല്ല, ആശയവിനിമയ വൈകല്യങ്ങളെ ചുറ്റിപ്പറ്റിയുള്ള സ്റ്റീരിയോടൈപ്പുകൾ തകർക്കുകയും അവയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അപൂർണതകൾ ആഘോഷിക്കുകയും ചെയ്യുക എന്നതാണ്.