
തിരുവനന്തപുരം : മൂന്ന് കുട്ടികൾ പേവിഷബാധയ്ക്കുള്ള വാക്സിൻ എടുത്ത ശേഷവും മരണപ്പെട്ടതോടെയാണ് കേരളത്തിലെ വാക്സിനുകളുടെ ഫലപ്രാപ്തിയെപ്പറ്റി ചർച്ചകൾ ഉയരുന്നത്. ഗുണമേന്മയില്ലാത്ത വാക്സിനുകളാണ് മരണത്തിന് കാരണമെന്നാണ് പ്രചാരണം. എന്നാൽ പേ വിഷബാധയ്ക്ക് എതിരായ വാക്‌സിന്‍ പൂര്‍ണമായും ഫലപ്രദമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍.
20 വര്‍ഷത്തിനിടയില്‍ വാക്‌സിന്‍ സ്വീകരിച്ച 150 പേര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കുട്ടികള്‍ക്കെടുക്കുന്ന മറ്റ് വാക്‌സിനുകള്‍ പോലെ മൃഗങ്ങളുടെ കടി ഏല്‍ക്കുന്നതിന് മുന്‍പു തന്നെ പ്രീ-വാക്‌സിനേഷന്‍ രീതി നടപ്പാക്കുന്നത് സംസ്ഥാനത്ത് ഗുണകരമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവർ വ്യക്തമാക്കുന്നു.
വാക്‌സിന്‍ എടുത്തവര്‍ക്ക് പേ വിഷബാധ സ്ഥിരീകരിക്കുന്നത് കൂടിയ സാഹചര്യത്തിലാണ് വാക്‌സിന്‍ ഗുണനിലവാരം ഉള്‍പ്പെടെ പഠിക്കാന്‍ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.. 2023 -24 വര്‍ത്തിലായിരുന്നു പഠനം. 20 വര്‍ഷം മുന്‍പ് വരെ വാക്‌സിന്‍ എടുത്ത 150 പേരെ നേരിട്ട് കണ്ട് വാക്‌സിന്‍ എടുത്തതിന്റെ ആന്റിബോഡി സാനിധ്യം പരിശോധിച്ചു. പഠനത്തില്‍ 93 ശതമാനം പേരുടെയും ശരീരത്തില്‍ ആന്റിബോഡി ഉള്ളതായി കണ്ടെത്തി. അഞ്ച് വര്‍ഷം മുന്‍പ് വാക്‌സിന്‍ എടുത്ത എല്ലാവരുടെയും ശരീരത്തിൽ ആന്റി ബോഡി സാനിധ്യമുണ്ടായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍ എസ് ചിന്തയുടെയും, പാലോട് സ്‌റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അനിമല്‍ ഡിസീസിലെ ശാസ്ത്രഞ ഡോക്ടര്‍ അപര്‍ണയും ഉള്‍പ്പെടെ ഒന്‍പത് വിദഗ്ധരുടെ സംഘമാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്.
ഒരുതവണ വാക്‌സിന്‍ എടുത്ത ശേഷം വീണ്ടും മൃഗങ്ങളുടെ കടിയേറ്റ് വാക്‌സിന്‍ എടുക്കേണ്ടി വന്നാല്‍ മുഴുവന്‍ ഡോസ് വാക്‌സിനും എടുക്കേണ്ടതില്ല.. കുട്ടികള്‍ക്ക് പ്രീ വാക്‌സിനേഷന്‍ അഥവാ മുന്‍കൂട്ടിയുള്ള വാക്‌സിനേഷന്‍ എടുക്കണമെന്നാണ് പഠനത്തിലെ ശുപാർശ. പഠന റിപ്പോര്‍ട്ട് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട് . റിപ്പോർട്ട് അന്താരാഷ്ട മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.