
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മൂലമുള്ള മരണത്തിൽ ആശങ്ക. മൂന്നാഴ്ചക്കിടെ 27 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. 500 ലധികം പേർക്കാണ് ഈ മാസം എലിപ്പനി സ്ഥിരീകരിച്ചത്. 50 വയസ്സിലധികം പ്രായമുള്ളവരാണ് മരിക്കുന്നവരിൽ അധികമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ജനുവരി ഒന്നു മുതൽ സെപ്റ്റംബർ 22 വരെ സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ച് ചികിത്സ തേടിയവരുടെ എണ്ണം 2413 ആണ്. 1612 പേർ ചികിത്സ തേടിയത് എലിപ്പനി മൂലം ആണെന്ന് സംശയിക്കുന്നു. ഇതിനും അപ്പുറം ആശങ്കപ്പെടുത്തുന്നതാണ് മരണ കണക്ക്. 9 മാസത്തിനിടയിൽ എലിപ്പനി ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത് 153 പേർക്ക്. 121 പേരുടെ മരണം എലിപ്പനിയാണെന്ന് സംശയിക്കുന്നു.
ഈ മാസം 287 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 27 പേരുടെ ജീവൻ നഷ്ടമായി. 232 പേരുടെ രോഗബാധ എലിപ്പനിയാണെന്ന സംശയമുണ്ട്. 25 മരണവും സംശയത്തിന്റെ പട്ടികയിൽ പെടുത്തി. മരിക്കുന്നവരിൽ അധികവും 50നും 60നും ഇടയിൽ പ്രായമുള്ളവരാണ്. ഈ മാസവും ഈ വർഷവും ഇതുവരെ പകർച്ചവ്യാധി മൂലം ഏറ്റവും അധികം ആളുകളുടെ ജീവൻ അപഹരിച്ചത് എലിപ്പനിയാണ്. വെള്ളക്കെട്ടിൽ ഇറങ്ങിയവർക്കാണ് അധികവും രോഗബാധ. മലിനമായ മണ്ണിൽ ജോലിചെയ്യുന്നവർക്കും രോഗം ബാധിക്കുന്നുണ്ട്. ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എലിപ്പനി പ്രതിരോധ ഗുളിക ഡോക്സി സൈക്ലിൻ കളിക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർത്ഥിക്കുന്നു.
കടുത്ത പനി, തലവേദന, വിറയൽ, ശരീരവേദന, കണ്ണിന് ചുവപ്പ് നിറം തുടങ്ങിയവയാണ് എലിപ്പനിയുടെ ലക്ഷണങ്ങൾ. എലി മൂത്രത്തിലൂടെ രോഗാണു വെള്ളത്തിലും മണ്ണിലും എത്തും. ഇത് മാസങ്ങളോളം നിലനിൽക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.