

തിരുവനന്തപുരം: സംസ്ഥാനത്തെ തടവുകാരുടെ ദിവസവേതനം കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ മുൻ ഡി.ജി.പിയും ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ. എൽ.ഡി.എഫ് സർക്കാരിന് കീഴിൽ ജയിൽ വകുപ്പ് മേധാവിയായി ജോലി നോക്കേണ്ടി വന്നതിൽ ആദ്യമായി ലജ്ജ തോന്നുന്നുവെന്ന് അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
സെൻട്രൽ ജയിലുകളിൽ കഴിയുന്നത് കൊടുംകുറ്റവാളികളാണെന്നും അവർക്ക് ഇത്രയും ഉയർന്ന വേതനം നൽകുന്നത് സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ എന്നും ശ്രീലേഖ കുറ്റപ്പെടുത്തി. "പുറത്തിറങ്ങിയാൽ ഇത്രയും വലിയ ദിവസവേതനവും പോഷകസമൃദ്ധമായ സൗജന്യ ഭക്ഷണവും ഇവർക്ക് ലഭിക്കുമോ?" എന്നും അവർ ചോദിച്ചു. കുറ്റവാളികളെ മനപ്പരിവർത്തനം നടത്തി മാന്യമായ ജോലിക്ക് പ്രാപ്തരാക്കി വിടേണ്ട ആവശ്യമുണ്ടോ എന്നും അവർ തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നു.
വേതന വർധന ഇങ്ങനെ:
സംസ്ഥാനത്തെ ജയിലുകളിൽ ജോലി ചെയ്യുന്ന തടവുകാരുടെ കൂലി പത്ത് മടങ്ങ് വരെയാണ് സർക്കാർ വർധിപ്പിച്ചത്. 2018-ന് ശേഷമുള്ള ആദ്യ പരിഷ്കരണമാണിത്.
വിഭാഗം - പഴയ വേതനം - പുതുക്കിയ വേതനം-
സ്കിൽഡ് (Skilled) - ₹152 - ₹620 -
സെമി സ്കിൽഡ് (Semi-skilled) - ₹127 - ₹560
അൺ സ്കിൽഡ് (Unskilled) - ₹63 - ₹530
സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലായി ശിക്ഷ അനുഭവിക്കുന്ന മൂവായിരത്തിലധികം തടവുകാർക്ക് ഈ വേതന വർധനവിന്റെ ആനുകൂല്യം ലഭിക്കും. ജയിലിലെ ഉത്പാദന മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ കൂലി നൽകുന്നത്. എന്നാൽ സർക്കാരിന്റെ ഈ 'മാതൃകാപരമായ' നീക്കം കുറ്റവാളികളോടുള്ള വഴിവിട്ട ഉദാരതയാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെയും മുൻ ഉദ്യോഗസ്ഥരുടെയും ആരോപണം.