തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ മേയറെ കണ്ടെത്താനുള്ള ബിജെപിയുടെ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്. മുൻ ഡിജിപി കൂടിയായ ആർ. ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് പാർട്ടിയിൽ ഏകദേശ ധാരണയായിരിക്കുന്നത്. നാളെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.(R Sreelekha and the post of Mayor in Thiruvananthapuram Corporation)
കൗൺസിൽ അംഗങ്ങളുമായി നടത്തിയ പ്രാഥമിക ചർച്ചകളിൽ ശ്രീലേഖയുടെ പേരിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. ബിജെപി ജില്ലാ നേതൃത്വം നടത്തിയ ചർച്ചകളിൽ ആർ. ശ്രീലേഖ, വി.വി. രാജേഷ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേട്ടത്. ശാസ്തമംഗലത്ത് മത്സരിക്കുമ്പോൾ മേയർ പദവി സംബന്ധിച്ച് പാർട്ടി ഉറപ്പുകളൊന്നും നൽകിയിട്ടില്ലെന്നും, പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും ശ്രീലേഖ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാർട്ടി തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നും മേയർ പദവി നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്നുമാണ് ബിജെപി നേതാവ് വി.വി. രാജേഷ് പ്രതികരിച്ചത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് വനിതാ കൗൺസിലർമാരുടെ പട്ടികയാണ് ബിജെപി പരിഗണിക്കുന്നത്. സിമി ജ്യോതിഷ്, ജി.എസ്. മഞ്ജു, ആശ നാഥ് എന്നിവരുടെ പേരുകളാണ് നിലവിൽ ചർച്ചയിലുള്ളത്.
ഭരിക്കാനുള്ള അംഗബലമില്ലെങ്കിലും കോർപ്പറേഷനിൽ രാഷ്ട്രീയ പോരാട്ടം നടത്താനാണ് സിപിഎം തീരുമാനം. പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ.പി. ശിവജിയെ മേയർ സ്ഥാനാർത്ഥിയായി സിപിഎം പ്രഖ്യാപിച്ചു. മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സിപിഎം ജില്ലാ കമ്മിറ്റി ഈ തീരുമാനമെടുത്തത്.