
മലപ്പുറം: തിരൂരങ്ങാടിയിൽ യുവാവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ സഹോദരനടക്കം മൂന്നുപേർ അറസ്റ്റിൽ. ചെമ്മാട് കമ്പത്ത് റോഡ് ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ മുഹമ്മദ് അസ്‌ലം (20) സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
സഹോദരനായ മുഹമ്മദലിയെ (43) വധിക്കാനാണ് നൗഷാദ് ക്വട്ടേഷൻ നൽകിയത്. വധശ്രമത്തിൽ മുഹമ്മദലിക്ക് സാരമായ പരിക്കുമേറ്റിരുന്നു. ജൂലായ് 6 നാണ് സംഭവം നടന്നത്.
പുലർച്ചെ 4.50ന് പ്രഭാത നിസ്കാരത്തിനായി ബൈക്കിൽ പോകവേ റോഡിൽ വെച്ച് മുഹമ്മദ് അസ്‌ലം സുമേഷ് എന്നിവർ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.
ആക്രമണത്തിൽ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഹമ്മദലിയുടെ പിതാവിൻ്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് നൗഷാദ്. ഇവർ തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് മുഹമ്മദലിയെ അപായപ്പെടുത്താൻ നൗഷാദ് കൂട്ടുപ്രതികൾക്ക് ക്വട്ടേഷൻ നൽകിയത്. അഡ്വാൻസ് ആയി 15000 രൂപ കൈമാറുകയും ചെയ്തിരുന്നു.പൊലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സാധിച്ചത്.