തിരുവനന്തപുരം : പരസ്യമദ്യപാനവും കയ്യാങ്കളിയും ചോദ്യം ചെയ്ത നാലുപേരെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നോടെ പൗഡിക്കോണം പനങ്ങോട്ടുകോണത്തായിരുന്നു സംഭവം നടന്നത്.
പനങ്ങോട്ടുകോണം പുതുവൽ പുത്തൻവീട്ടിൽ രാജേഷ് (40), സഹോദരൻ രതീഷ് (35),രാജേഷിന്‍റെ മകൾ പ്രിൻസി (19),രാജേഷിന്‍റെ സുഹൃത്ത് രഞ്ജിത്ത് (35) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പനങ്ങോട്ടുകോണം സ്വദേശികളായ സഞ്ചയ് (21), രണ്ട് സുഹൃത്തുക്കൾ പ്രായപൂർത്തിയാകാത്ത കണ്ടാലറിയാവുന്ന മൂന്നുപേർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
രാജേഷിന്‍റെ വീടിന് മുൻപിൽ പ്രതികൾ ഉൾപ്പെട്ട സംഘം സ്ഥിരമായെത്തി മദ്യപിക്കുമായിരുന്നു. തുടർന്ന് അമിത മദ്യലഹരിയിൽ പരസ്പരം അസഭ്യം വിളിച്ച് ബഹളംവയ്ക്കും.പലപ്പോഴും രാജേഷ് ഇത് ചോദ്യം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതരായ പ്രതികൾ ഞായറാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ചുകയറി, സ്ത്രീകളെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു. രതീഷിനെ മർദിച്ചത് തടയാൻ ശ്രമിച്ചതോടെയാണ് മറ്റുള്ളവർക്കും മർദമനമേറ്റത്. പ്രതികൾ കൈയിൽ കരുതിയ കത്തികൊണ്ട് ഇവരെ കുത്തുകയായിരുന്നു.