
പത്തനംതിട്ട : പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. അപകടത്തില്‍പ്പെട്ട ഹിറ്റാച്ചിയുടെ അടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ഒഡീഷ സ്വദേശികളായ തൊഴിലാളികൾ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽ പെട്ടത്.
പാറ നീക്കംചെയ്യുന്നതിനിടെ ഹിറ്റാച്ചിയ്ക്ക് മുകളിലേയ്ക്ക് കല്ലുകൾ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണ്.
അതേസമയം, അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. 27 എൻഡിആർഎഫ് സംഘം തിരുവല്ലയിൽ നിന്ന് തിരിച്ചതായാണ് വിവരം. ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്.