
ബിഗ് ബോസ് ഹൗസിൽ വീക്കിലി ടാസ്കിലെ 'ക്വാളിറ്റി ചെക്ക്' ടാസ്കിൽ ക്ഷമ നശിച്ച് അനീഷ്. ക്വാളിറ്റി ചെക്കിൽ പരാജയപ്പെട്ടതിനെ തുടർന്ന് അനീഷ് എതിർ ടീമിൻ്റെ കുപ്പികൾ നിലത്തെറിഞ്ഞുടച്ചു. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പുറത്ത് വിട്ടു.
രണ്ട് ടീമുകളായി തിരിച്ചുള്ള കമ്പനിയായിരുന്നു ഇത്തവണത്തെ വീക്കിലി ടാസ്ക്. അനീഷിൻ്റെ ലെമൺ ജ്യൂസ് കമ്പനിയും നിവിൻ്റെ ഓറഞ്ച് ജ്യൂസ് കമ്പനിയും. അനുമോളും ജിഷിനും ക്വാളിറ്റി ചെക്കിങ് ഇൻസ്പെക്ടർമാർ. കുപ്പികൾ ശേഖരിച്ച് അതിൽ ലെമൺ ജ്യൂസും ഓറഞ്ച് ജ്യൂസും നിറച്ച് ക്വാളിറ്റി പരിശോധനയിൽ വിജയിക്കണം. എങ്കിലേ ടാസ്ക് വിജയിക്കൂ. എന്നാൽ, അനീഷിൻ്റെ ലെമൺ ജ്യൂസ് കമ്പനി ക്വാളിറ്റി ചെക്കിങിൽ പരാജയപ്പെട്ടു. കുപ്പികൾ ശരിയായി അടയ്ക്കാത്തതും അഴുക്ക് പിടിച്ചതുമൊക്കെ അനുമോൾ ചൂണ്ടിക്കാട്ടി. എല്ലാം റിജക്ട് ചെയ്യരുതെന്ന് അനീഷ് പറയുന്നതും പ്രൊമോയിൽ കാണാം.
തുടർന്ന് നെവിൻ്റെ ഓറഞ്ച് ജ്യൂസ് കമ്പനിയുടെ ചില ബോട്ടിലുകളും അനുമോൾ നിരസിച്ചു. അനുമോൾ ഓറഞ്ച് ജ്യൂസ് ഒഴിച്ചുകളയുന്നത് പ്രൊമോയിലുണ്ട്. ഇത് മത്സരാർത്ഥികൾക്കിടയിൽ വഴക്കിന് കാരണമായി. തുടർന്ന് നെവിനും സംഘവും അനീഷിൻ്റെയും സംഘത്തിൻ്റെയും കുപ്പികൾ തുറന്ന് ജ്യൂസ് ഒഴിച്ചുകളഞ്ഞു. ഇതോടെ വഴക്ക് രൂക്ഷമായി.
ഇതിനിടെ, അനുമോളും ജിഷിനും തമ്മിൽ തർക്കമായി. തർക്കം തുടർന്ന അനീഷ് ക്വാളിറ്റി ചെക്കിൽ വിജയിച്ച ഓറഞ്ച് ജ്യൂസ് കമ്പനി ബോട്ടിലുകൾ നിലത്തേക്കെറിഞ്ഞ് പൊട്ടിച്ചു. ഈ ടാസ്കും കുളമായി എന്നാണ് പലരും പ്രൊമോയിൽ കമൻ്റ് ചെയ്തിരിക്കുന്നത്.