കൊച്ചി : ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് കുന്നത്തുനാട് എം എൽ എ പി വി ശ്രീനിജിൻ രംഗത്തെത്തി. സ്ഥാനാർത്ഥിയാകാൻ സമീപിച്ചുവെന്നാണ് അദ്ദേഹം ഉയർത്തിയ ആരോപണം. ഇത് വില കുറഞ്ഞ രാഷ്ട്രീയ ആരോപണം ആണെന്നാണ് എം എൽ എ പറഞ്ഞത്. നേരിട്ട് വന്ന് വികസനം കാണിച്ച് തരാൻ അദ്ദേഹം ആവശ്യപ്പെട്ടു. സാബുവിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. (PV Srinijin MLA against Sabu M Jacob)
ട്വന്‍റി20 നേതാവ് സാബു എം ജേക്കബ് പി വി ശ്രീനിജിൻ എം എൽ എ, സി പി എം നേതാക്കൾ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. പാർട്ടിയുടെ സ്ഥാനാർത്ഥിയാകാൻ പി വി ശ്രീനിജിൻ സമീപിച്ചു എന്നാണ് അദ്ദേഹം ആരോപിച്ചത്. സി എൻ മോഹനനും, പി രാജീവും റെസീപ്റ്റ് ഇല്ലാതെ പണം വാങ്ങി എന്നും അദ്ദേഹം പറഞ്ഞു. കോലഞ്ചേരിയിൽ സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കം ഇത്തരം ഗുരുതര ആരോപണങ്ങളോടെയാണ്. സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.