

കൊച്ചി: ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബിന്റെ ബിജെപി പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജൻ. രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടിയല്ല, മറിച്ച് തന്റെ ബിസിനസ് സാമ്രാജ്യത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാനാണ് സാബു ജേക്കബ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയെ അഭയം പ്രാപിച്ചിരിക്കുന്നതെന്ന് ശ്രീനിജൻ ആരോപിച്ചു.
അമേരിക്കയിലടക്കം ബിസിനസിൽ നേരിട്ട തിരിച്ചടികൾ മറികടക്കാനും ഇന്ത്യയിൽ ബിസിനസ് സുരക്ഷിതമാക്കാനും സാബുവിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ ആവശ്യമാണ്. ഈ സ്വാർത്ഥലാഭമാണ് കൂടുമാറ്റത്തിന് പിന്നിൽ. കഴിഞ്ഞ നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ട്വന്റി 20 തകർന്നടിഞ്ഞത് സാബുവിനെ ആശങ്കയിലാഴ്ത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം കണ്ടതിനുശേഷമാണ് ബിജെപി പ്രവേശനം അദ്ദേഹം വൈകിപ്പിച്ചത്.
ട്വന്റി 20 നേരത്തെ തന്നെ ബിജെപിയുടെ ബി ടീമായിട്ടാണ് പ്രവർത്തിക്കുന്നത്. പലയിടത്തും എൽഡിഎഫിനെ പരാജയപ്പെടുത്താൻ കോൺഗ്രസും ട്വന്റി 20യും ഒത്തുകളിച്ചിട്ടുണ്ട്. ട്വന്റി 20യുടെ പിന്തുണയോടെ പുത്തൻകുരിശ് ഉൾപ്പെടെയുള്ള പഞ്ചായത്തുകളിൽ ഭരണം നടത്തുന്ന കോൺഗ്രസ് ഇപ്പോൾ എന്ത് നിലപാടെടുക്കുമെന്ന് ശ്രീനിജൻ ചോദിച്ചു. ബിജെപി സഖ്യകക്ഷിയായ ട്വന്റി 20യുടെ പിന്തുണ ഉപേക്ഷിക്കാൻ യുഡിഎഫ് തയ്യാറാകുമോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്ന കാര്യം ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച് ലയനത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. വികസന രാഷ്ട്രീയമാണ് ട്വന്റി 20 മുന്നോട്ടുവെക്കുന്നതെന്നും എൻഡിഎയിലേക്ക് അവരെ സ്വാഗതം ചെയ്യുന്നുവെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.