
മലപ്പുറം : നിലമ്പൂരിൽ പി വി അൻവർ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും. ഇന്ന് ചേർന്ന തൃണമൂൽ കോൺഗ്രസ് സെക്രട്ടേറിയറ്റിലാണ് ധാരണയായത്. അതേസമയം, വെള്ളിയാഴ്ച സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ചര്‍ച്ചചെയ്ത ശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി. അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു.
യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ് തൃണമൂൽ കോൺഗ്രസ് സെക്രട്ടറിയേറ്റിൽ ഉണ്ടായത്. ഇനി യുഡിഎഫ് നേതൃത്വം മുൻകൈ എടുത്ത് ചർച്ച നടത്തി തൃണമൂൽ കോൺഗ്രസിനെ സഖ്യകക്ഷിയാക്കാൻ തീരുമാനിച്ചാൽ മാത്രം മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാൽ മതിയെന്നാണ് തൃണമൂൽ കോൺഗ്രസിൻ്റെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.
യുഡിഎഫ് ഘടകകക്ഷിയാക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും തൃണമൂല്‍ നേതാക്കൾ പറഞ്ഞു.
തൃണമൂലിനെ യുഡിഎഫ് ഘടകകക്ഷി ആക്കുന്നതില്‍ എന്താ കുഴപ്പം.ഒരു പ്രവാസി അസോസിയേഷന്‍, രണ്ടാളുകളും ഒരു കമ്പ്യൂട്ടറുമുള്ള പാര്‍ട്ടി ഇതില്‍ ഘടകകക്ഷിയാണ്. കേരളത്തിലെ പൊതുസമൂഹത്തിന് പോലും അറിയില്ല ഈ സംഘടനയേക്കുറിച്ച്. അവര്‍പോലും ഘടകകക്ഷിയാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളെ ഘടകകക്ഷിയാക്കാത്തതെന്ന് വിശദീകരണം തരണമെന്നും അൻവർ പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായുള്ള തൻ്റെ കൂടിക്കാഴ്ച്ച മുടക്കിയത് വി ഡി സതീശനെന്നും പി വി അന്‍വര്‍ ആരോപിച്ചു.തന്‌റെ അവസാന പ്രതീക്ഷ. കെ സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഇടപെട്ടിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് വെച്ച് കൂടിക്കാഴ്ച്ച നടത്താമെന്നും അറിയിച്ചിരുന്നത് . അന്‍വറിനെ കണ്ടാല്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുമെന്ന് വി ഡി സതീശന്‍ അവസാന നിമിഷം കെ സി വേണുഗോപാലിനെ അറിയിച്ചു. ഇതില്‍ നിസ്സഹായനായ കെ സി വേണുഗോപാല്‍ തിരക്കാണെന്നും പിന്നീട് സംസാരിക്കാമെന്നും പറഞ്ഞ് മനഃപൂര്‍വ്വം കൂടിക്കാഴ്ച്ചയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും അൻവർ വെളുപ്പെടുത്തി..