
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ.
മാധ്യമങ്ങളുമായുള്ള ആശയവിനിമയം താൽക്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം....
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്)സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്ക്കാലികമായി ഇപ്പോൾ മുതൽ പൂർണ്ണമായും വിഛേദിക്കുകയാണ്. പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. "ചിന്തിക്കുന്നവർക്ക്" ദൃഷ്ടാന്തമുണ്ട്.
അതെ സമയം, സ്ഥാനാർത്ഥിക്കാര്യത്തിൽ അന്‍വര്‍ കോൺഗ്രസിനെ കുഴക്കിയിരുന്നു. വി.എസ്. ജോയിയെ നിലമ്പൂരിൽ സ്ഥാനാർഥിയാക്കണമെന്നായിരുന്നു അൻവറിന്റെ ആവശ്യം. എ.പി. അനിൽകുമാറുമായുള്ള ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കരുതെന്നും അൻവർ ആവർത്തിച്ചിരുന്നു. ഇതിനിടെ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ ലീഗ് എംഎൽഎ നീക്കം നടത്തിയത് മുന്നണിയിൽ വലിയ വിവാദത്തിന് വഴിവെച്ചു.