കൊച്ചി : മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി.വി.അൻവറിന്റെ സ്വത്ത് 50 കോടി രൂപയായി വർധിച്ചെന്നും എന്നാൽ ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനായില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അൻവറുമായി ബന്ധപ്പെട്ട കമ്പനികളും വീടും ഉൾപ്പെടെ ആറിടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡ് സംബന്ധിച്ച് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കുന്നത്.
2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി.വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല. ബിനാമി ഉടമസ്ഥതയെ സംബന്ധിച്ചും ഫണ്ട് വക മാറ്റി ചിലവഴിച്ചതിലും പ്രാഥമിക തെളിവുകള്‍ ലഭിച്ചെന്നും ഇ.ഡി.22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കെഎഫ്‌സി വഴി തരപ്പെടുത്തിയെന്നും വിശദീകരിച്ചിട്ടുണ്ട്.ഇതിന്റെ ചുവടു പിടിച്ചാണ് സംഭവത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്ന് ഇ.ഡിയും പരിശോധിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ 17ാം വകുപ്പ് പ്രകാരമാണ് പിവി അന്‍വറുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ നടന്നതെന്നും ഇഡി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. പിവിആര്‍ മെട്രോ വിളേജില്‍ നടത്തിയ പരിശോധനകളില്‍ സ്‌കൂളുകള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, റിസോര്‍ട്ട്, വില്ലാ പ്രോജക്റ്റുകള്‍, അപ്പാര്‍ട്ട്മെന്റ്കള്‍ ഉള്‍പ്പെടെ വിപുലമായ നിര്‍മ്മാണ-വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തി. കൃത്യമായ അംഗീകാരം ലഭിക്കാതെയാണ് പല നിര്‍മാണങ്ങളും നടക്കുന്നത്.
തന്റെ മരുമകന്റെയും ഡ്രൈവറുടെയും പേരിലാണ് മാലംകുളം കൺസ്ട്രക്ഷൻസ് എന്ന കമ്പനിയെങ്കിലും ഇതിന്റെ യഥാർഥ ഉടമ താനാണെന്ന് അൻവർ സമ്മതിച്ചതായി ഇ.ഡി പറയുന്നു. ബെനാമി ഉൾപ്പെടെ 15 അക്കൗണ്ടുകൾ അടക്കം ഒട്ടേറെ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇവ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയാണെന്നും ഇ.ഡി വ്യക്തമാക്കി.