
മഞ്ചേരി: പിണറായി സർക്കാറിന്‍റെ പൊലീസ്, വാഹന വകുപ്പുകൾക്കുമെതിരെ രൂക്ഷ വിമർശനം ഉയർത്തി പി.വി അൻവർ എം.എൽ.എ. ഇല്ലാത്തവനിൽ നിന്ന് പിടുങ്ങുന്നതിന്‍റെ പേര് കമ്യൂണിസമല്ലെന്ന് അൻവർ പറഞ്ഞു. പച്ച മലയാളത്തിൽ പറഞ്ഞാൽ പിടിച്ചുപറിയാണ്. ഈ പിടിച്ചുപറി കേരളത്തിൽ അവസാനിപ്പിക്കേണ്ടതുണ്ട്. ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭയല്ല പിടിച്ചുപറിക്ക് നേതൃത്വം നൽകേണ്ടതെന്നും പി.വി അൻവർ ചൂണ്ടിക്കാട്ടി. ഇരുചക്രവാഹന യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി അപഹസിക്കുന്നത് നിരവധി കണ്ടിട്ടുണ്ട്. ഇതിനെതിരായ പോരാട്ടം ഡി.എം.കെ വെല്ലുവിളിയായി ഏറ്റെടുക്കും. കേരളത്തിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്ന മുഴുവൻ ആളുകളുടെയും സംഘടന ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രൂപീകരിക്കും. അനീതിക്കെതിരായ പോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു.