കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു. കേസിലെ പ്രതിയായ ആസാം സ്വദേശി പരിമൾ സാഹുവിന്‍റെ വധശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.(Puthanvelikara murder case, High Court quashes death sentence and acquits accused)
2018 മാർച്ച് 19-നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോളിയുടെ വീടിന്റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു.
മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും, എതിർത്തപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. വടക്കൻ പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി 2021 മാർച്ച് 8-ന് പരിമൾ സാഹുവിനെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.
വധശിക്ഷാ വിധിക്കെതിരെ പ്രതി നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇപ്പോൾ പ്രതിയെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. പ്രോസിക്യൂഷന് പ്രതിക്കെതിരായ കേസ് തെളിയിക്കാൻ സാധിച്ചില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തിയതിനെ തുടർന്നാണ് നടപടി.