ആലപ്പുഴ: ഐതിഹാസികമായ പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇന്ന് സമാപനമാകും. സമാപന സമ്മേളനം വൈകിട്ട് അഞ്ചിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.(Punnapra - Vayalar week celebrations conclude today)
വാരാചരണത്തിന്റെ സമാപന ചടങ്ങുകൾക്ക് ഇന്ന് രാവിലെ തുടക്കമാകും. രാവിലെ 7.30-ന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സി.പി.എം. നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ ദീപശിഖ കൈമാറും. മുൻപ് വി.എസ്. അച്യുതാനന്ദൻ നിർവഹിച്ചിരുന്ന ദൗത്യം 2019 മുതൽ ജി. സുധാകരനാണ് ഏറ്റെടുക്കുന്നത്. സൈബർ അധിക്ഷേപങ്ങളിൽ സി.പി.എം. ജില്ലാ നേതൃത്വത്തോടുള്ള അതൃപ്തി നിലനിൽക്കുമ്പോഴും സുധാകരൻ ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്.
വലിയചുടുകാട്ടിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖാ പ്രയാണം വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം 11 മണിയോടെ വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തും.
വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം, സി.പി.ഐ. മന്ത്രിമാർ, മറ്റ് പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ പുന്നപ്ര-വയലാർ സമരസേനാനികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ "പുന്നപ്ര വയലാർ സമരസേനാനികൾ ഡയറക്ടറി" മുഖ്യമന്ത്രി പ്രകാശനം ചെയ്യും. സി.പി.എമ്മും സി.പി.ഐയും സംയുക്തമായാണ് വാരാചരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.