കൊച്ചി : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോര്‍ഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടൊണ് താര തന്റെ നിലപാട് വ്യക്തമാക്കിയത്.രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് പറയാതെയായിരുന്നു താരയുടെ പോസ്റ്റ്.
താരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം............
എനിക്ക് പറയാനുള്ളത്....
സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഉയരുന്ന രണ്ട് ചോദ്യങ്ങൾ...
ഒന്നാമത്തെ ചോദ്യം: എന്തുകൊണ്ടാണ് പരാതി പറയാത്തത്? എന്തുകൊണ്ടാണ് വെളിച്ചത്തു വരാത്തത്? എന്തുകൊണ്ടാണ് നേരത്തേ പറയാത്തത്...
സ്ത്രീകളുടെയും പുരുഷന്മാരുടെയും ആദർശങ്ങളും സ്വഭാവവും രൂപപ്പെടുന്നത് എങ്ങനെയാണ് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവരരുടെ ജീവിത പരിസരങ്ങൾ, ജീവിതാനുഭവങ്ങൾ, അവരെ ഇൻഫ്ളുവൻസ് ചെയ്യുന്ന മനുഷ്യർ, ഇവരിൽ നിന്നൊക്കെ തിരഞ്ഞെടുക്കുന്ന ആദർശങ്ങളുടെയും അനുഭവങ്ങളുടെയും ആകെത്തുകയാണ് ഒരു ആൺകുട്ടിയുടെ സ്വഭാവം രൂപീകരിക്കുന്നതെങ്കിൽ, പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു ആദർശം തിരഞ്ഞെടുത്തതിന്റെ പേരിൽ മുൻഗാമിയായ ഒരു പെൺകുട്ടിക്ക് ഉണ്ടായ ദുരനുഭവങ്ങളെ പറ്റിയുള്ള ചരിത്രമാണ് അവരുടെ ആദർശത്തെയും സ്വഭാവത്തെയും അവരുടെ തിരഞ്ഞെടുപ്പുകളെയും രൂപീകരിക്കുന്നത്.
ഉദാഹരണത്തിന്, രാത്രി 12 മണിക്ക് പുറത്തിറങ്ങി നടക്കണോ വേണ്ടയോ എന്നത് ആൺകുട്ടിയെ സംബന്ധിച്ച്, അവനതിന് തയ്യാറാണോ....അവനത് തെരഞ്ഞെടുക്കുന്നുണ്ടോ...എന്ന് മാത്രമുള്ള ഒരു ചോദ്യമാണെങ്കിൽ, രാത്രി 12 മണിക്ക് പുറത്തിറങ്ങി നടന്ന മറ്റൊരു പെൺകുട്ടിയോട് അല്ലെങ്കിൽ പെൺകുട്ടികളോട്, ഈ സമൂഹം എങ്ങനെ പ്രതികരിച്ചു എന്നതിന്റെ ആകെത്തുകയായിരിക്കും ഒരു പെൺകുട്ടിയെ സംബന്ധിച്ച് ആ തീരുമാനം.
അതിക്രമികൾക്കിരയായ പെൺകുട്ടികൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല... എന്തുകൊണ്ട് പേര് പറയുന്നില്ല...എന്തുകൊണ്ട് വെളിച്ചത്തു വരുന്നില്ല.. എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല...എന്നൊക്കെ വിലപിക്കുന്നതിന് മുമ്പ്, അത്തരത്തിൽ പുറത്തുവന്ന മനുഷ്യരോട് നമ്മൾ എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ഇനിയെങ്കിലും ആത്മവിമർശനത്തോടെ ചിന്തിക്കാൻ സ്ത്രീയും പുരുഷനും അടങ്ങുന്ന ഇവിടുത്തെ സമൂഹം തയ്യാറാകണം.
ഒരു ദിവസത്തെയോ ഒരാഴ്ചത്തെയോ കുറ്റപ്പെടുത്തലുകൾക്കും കുരിശേറ്റലുകൾക്കും ശേഷം സമൂഹം പുരുഷനെ വെറുതെ വിടുകയും, പിന്നീട് ജീവിതകാലം മുഴുവനും ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത ട്രോമയിലേക്ക് പരാതി ഉന്നയിച്ച സ്ത്രീകളെ തള്ളിയിടുകയും ചെയ്യുന്ന ഞാനും നിങ്ങളും ഉൾപ്പെട്ട ഇവിടത്തെ വൃത്തികെട്ട വ്യവസ്ഥിതിയാണ് അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും കുറിച്ച് നിശബ്ദരായിരിക്കാൻ ഇവിടുത്തെ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത്.
ഈ വ്യവസ്ഥിതി തിരുത്തിയതിന് ശേഷം മാത്രമേ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്തുകൊണ്ട് പേര് പറയുന്നില്ല എന്തുകൊണ്ട് വിളിച്ചു പറയുന്നില്ല എന്ന ബഹളം വയ്ക്കാൻ പാടുള്ളൂ. ഒരു വ്യക്തി യാതൊരു തരത്തിലുള്ള ബാഹ്യസമ്മർദ്ദത്തിൻ്റെ അടിസ്ഥാനത്തിൽ എടുക്കാത്ത തീരുമാനത്തെയാണ് കൺസെന്റ് എന്ന് പറയുന്നത്. തൊഴിൽ മേഖലകളിൽ, ഒരു വ്യക്തിയുടെ മേൽ അധികാരപ്രയോഗം നടത്താൻ പറ്റുന്ന സിഇഒ, മാനേജിങ് ഡയറക്ടർ.. സീനിയർ ഉദ്യോഗസ്ഥൻ... ഈ തരത്തിൽ ബലമായി കൺസന്റ് വാങ്ങാൻ കഴിയുന്ന ഒരു പവർ പൊസിഷനിൽ ഇരുന്നുകൊണ്ട് അവരിൽ നിന്നും ഒരു സമ്മതം നേടിയെടുക്കാൻ ശ്രമിക്കുന്നതുപോലും കൺസെന്റ് അല്ല.
ചിലപ്പോൾ സ്ത്രീകൾ പീഡനം നേരിടുന്നത് മോറൽ ഹൈ ഹാൻഡഡ്നെസ് ഉള്ള ആളുകളിൽ നിന്നാവാം. കുടുംബക്കാരോ അധ്യാപകരോ. അതേപോലെതന്നെ തൊഴിൽ മേഖലകളിലും - രാഷ്ട്രീയ, സാംസ്കാരിക, കലാ മേഖലകളിലും.. അധികാരം കയ്യാളുന്ന, പവർ പൊസിഷനിൽ ഇരിക്കുന്ന ആരിൽ നിന്നും ഒരു പെൺകുട്ടി ഒരു പ്രിഡേറ്ററിനെ ഭയപ്പെടണം. അവർ ഒരുപക്ഷേ കൺസെന്റ് പോലും മാനിപ്പുലേറ്റ് ചെയ്യാൻ പറ്റുന്ന കരുത്തരാകാം എന്ന് നിങ്ങൾ മനസ്സിലാക്കണം.
രാഷ്ട്രീയമായ ഉന്നതങ്ങളിൽ ഇരുന്ന് സാധാരണ വ്യക്തികളെ ഭീഷണിയും പ്രലോഭനങ്ങളും നിങ്ങളുടെ മറ്റ് അധികാരപ്രയോഗങ്ങളും കാണിച്ചു കൊടുത്തുകൊണ്ട് താൽക്കാലികമായി നേടിയെടുക്കുന്ന സമ്മതം, അത് കൺസന്റ് അല്ല. മാത്രമല്ല കൺസെന്റിനെ മുൻകാല പ്രാബല്യത്തോടെ പിൻവലിക്കാനും കഴിയണം.
കാരണം ചതിച്ചു നേടിയ കൺസെന്റ് ആണെങ്കിൽ...താൻ ചതിക്കപ്പെട്ടു എന്ന് തിരിച്ചറിയുന്ന ദിവസം ഒരു വ്യക്തിക്ക് താൻ നൽകിയ കൺസെന്റ് പിൻവലിക്കാൻ സാധ്യമാകണം. അല്ലാതെ അന്ന് അനുവദിച്ചുകൊണ്ട് ഇന്നും അനുവദിക്കണം എന്ന് സമ്മർദ്ദം ചെലുത്തി നേടിയെടുക്കാൻ സാധിക്കുന്ന ഒന്നല്ല കൺസൻ്റ്.
രണ്ടാമത്തെ ( അശ്ലീല) ചോദ്യം:
എന്തുകൊണ്ടാണ് സ്ത്രീകൾ പുരുഷന്മാർക്ക് കിടന്നു കൊടുക്കുന്നത്?
ഈ ചോദ്യം എന്തുകൊണ്ടാണ് സമൂഹം പുരുഷന്മാരോട് ചോദിക്കാത്തത്?
ഒരു പുരുഷൻ ഇന്ന് രാവിലെ പരിചയപ്പെട്ട സ്ത്രീയെ അപ്പോൾ തന്നെ ഫേസ്ബുക്കിൽ സുഹൃത്തായി ചേർക്കുകയും, അന്നു വൈകുന്നേരം ആഗ്രഹം പൂർത്തീകരണത്തിനായി അവരുടെ വീട്ടിലേക്ക് എന്തിനാണ് ചെന്ന് കയറിയത് എന്ന് സ്ത്രീകൾ തിരിച്ചു ചോദിച്ചാൽ, എന്തു മറുപടിയാണ് നിങ്ങൾക്ക് പറയാനുള്ളത്? അതേ മറുപടി മാത്രമേ ഈ വിഷയത്തിൽ ഒരു സ്ത്രീക്കും പറയേണ്ടതുള്ളൂ. ആ ചോദ്യം നിങ്ങൾ ഒരു ആണിന് നേരെ ഉയർത്തുന്നില്ലെങ്കിൽ മേലിൽ ഈ വൃത്തികെട്ട ചോദ്യവുമായി ഒരു പെണ്ണിൻ്റെ അടുത്തും പോകരുത്.
പ്രിയ സുഹൃത്തുക്കളെ... ആദ്യം ചെയ്യേണ്ടത് നമ്മൾ പൊയ്പോയ തലമുറയെ വിട്ടുകളയുക എന്നതാണ്. നിങ്ങളുടെ മക്കളെ എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിനെപ്പറ്റി സാക്ഷരതയോടു കൂടി വളർത്തുക. കാരണം ഇതൊരു സോഷ്യൽ ക്രൈം ആണ്. ഇതൊരു ഇൻഡിവിജ്വൽ ചോയിസ് എന്നതിനേക്കാൾ ഇവിടുത്തെ സാമൂഹിക വ്യവസ്ഥ ഒരു ജെൻഡറിന്മേൽ അടിച്ചേൽപ്പിക്കുന്ന ക്രൈം ആണിത്. കാരണം ഇത്തരത്തിൽ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാം എന്ന തോന്നലിൽ ആൺകുട്ടികളെ വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്.
നമ്മുടെ സാമൂഹിക വ്യവസ്ഥിതിക്ക് ഇതിൽ വലിയൊരു പങ്കുണ്ട്. ഈ രാജ്യത്തെ മഹാരഥന്മാർ ഇരുന്നിട്ടുള്ള രണ്ട് കസേരകൾ ഒരേസമയം താലത്തിൽ വച്ച് കിട്ടിയിട്ടും, നഷ്ടപ്പെടാൻ ഇമേജ് ഉൾപ്പെടെ നൂറായിരം കാര്യങ്ങൾ ഉണ്ടെന്നിരിക്കെ, ഇത്തരം ക്രൈമുകൾ ചെയ്യുമ്പോൾ രണ്ടാമതൊരു ചിന്ത ഇല്ലാതിരിക്കാൻ അയാളെ പ്രേരിപ്പിച്ചത് എന്താണ്? സ്ത്രീകൾ അത്രമേൽ അശക്തരാണെന്നും അവർക്ക് നിലവിളിക്കാൻ കഴിയുകയില്ല എന്നും ഈ സമൂഹം അയാൾക്ക് കൊടുത്തിട്ടുള്ള ഉറപ്പുകളാണ്.
അപ്പോൾ ആ വ്യവസ്ഥിതി തിരുത്താനുള്ള ഒരു അവസരം കൂടി ആയിട്ട് നമ്മൾ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ കാണണം.
ഈ പരാതികൾ സമൂഹത്തിന് മുന്നിൽ ഉന്നയിച്ച സകല പെൺകുട്ടികളെയും സ്ലട്ട് ഷെയിം (ലൈംഗികമായ അധിക്ഷേപം) ചെയ്യുന്ന ആയിരക്കണക്കിന് പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ വന്നിട്ടുണ്ട്. അതിൽ കുറേയെണ്ണം, വിഷയത്തിൽ പ്രതിരോധത്തിൽ ആയവർ പിആർ എക്സർസൈസിന്റെ ൻ്റെ ഭാഗമായി ഇടുന്നതായിരിക്കാം. പക്ഷേ ബാക്കിയെല്ലാം തന്നെ ജീവിച്ചിരിക്കുന്ന രക്തവും മാംസവും മജ്ജയും ഉള്ള സാധാരണ ജനങ്ങളാണ് എഴുതിയിരിക്കുന്നത്.
നിങ്ങളുടെ സ്വന്തം മകളോ സഹോദരിയോ അമ്മയോ ഏത് നിമിഷവും കടന്നുപോയേക്കാവുന്ന ഒരു സാഹചര്യം നേരിടുന്ന പെൺകുട്ടികൾ സ്ലട്ട് ഷെയിം ചെയ്യപ്പെടുമ്പോൾ, നിങ്ങൾ നിശബ്ദത പാലിക്കുന്നത് പോലും കുറ്റകരമാണെന്നിരിക്കെ, "പാർട്ടിയിലെ ഏതെങ്കിലും ചെറുപ്പക്കാർ വരുമ്പോൾ അവരെ ഗർഭകേസിലും പെണ്ണ്കേസിലും പെടുത്തി നശിപ്പിക്കുന്നു" എന്ന് പറയുന്ന അശ്ലീല തമാശ കൊണ്ട് നിങ്ങൾക്ക് നേരിടാൻ പറ്റുന്നതിനേക്കാൾ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
അതിനെപ്പറ്റി കാര്യക്ഷമമായ അന്വേഷിക്കുകയും ഇരകളുടെ ഐഡൻറിറ്റി പുറത്തുവരാത്ത തരത്തിൽ കുറ്റക്കാരെ ശിക്ഷിക്കുക എന്ന ഒറ്റ പരിഹാരം മാത്രമാണ്, ഈ രാജ്യത്തിൻ്റെ സമത്വത്തിൽ, ജനാധിപത്യത്തിൽ, ഈ രാജ്യത്തിൻ്റെ നിലനിൽപ്പിൽ, ഈ രാജ്യത്തിൻ്റെ ഭരണഘടനയിൽ വിശ്വസിക്കുന്ന മനുഷ്യർക്ക്....ഏതെങ്കിലും ഒരു സൊല്യൂഷൻ ഇതിനുണ്ട് എന്ന് തോന്നുന്നെങ്കിൽ അത് മാത്രമാണ്..