

പത്തനംതിട്ട: പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ പരോളിലിറങ്ങി മുങ്ങിയ ഒന്നാം പ്രതി നാല് വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പിടിയിലായി. ചെങ്ങന്നൂർ ആലാ സ്വദേശി അനൂപ് കുമാറിനെ (ബോഞ്ചോ - 36) ആണ് പ്രത്യേക അന്വേഷണസംഘം അതിസാഹസികമായി പിടികൂടിയത്.
2016 ഫെബ്രുവരി 18-നാണ് മുളക്കുഴ കാണിക്കമണ്ഡപം ജങ്ഷനിലെ 'രേണു ഓട്ടോ ഫ്യുവൽസ്' ഉടമ എം.പി. മുരളീധരൻ നായർ കൊല്ലപ്പെട്ടത്. പമ്പിൽ പെട്രോൾ അടിക്കാനെത്തിയ പ്രതികൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതികൾ മുരളീധരൻ നായരെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. കേസിൽ അനൂപ് കുമാർ ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ 2022 മെയ് 6-നാണ് 14 ദിവസത്തെ പരോളിന് അനൂപ് പുറത്തിറങ്ങിയത്. പരോൾ കാലാവധി കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഓസ്ട്രിയയിലേക്ക് കടന്നെന്ന രീതിയിലുള്ള പ്രചാരണങ്ങൾ നാട്ടിലുണ്ടായിരുന്നു. എന്നാൽ, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി തന്നെ ബോധപൂർവ്വം പടച്ചുവിട്ട കഥയാണിതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് അയക്കും.