'വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ': ഭാവഭേദമില്ലാതെ പൾസർ സുനി, പൊട്ടിക്കരഞ്ഞ് നടിയെ ആക്രമിച്ച കേസിലെ മറ്റു പ്രതികൾ | Pulsar Suni

പൾസർ സുനി മറ്റുള്ളവരെ പോലെയല്ല എന്ന് കോടതി നിരീക്ഷിച്ചു
Pulsar Suni acts nonchalant in court, asking for remission of sentence
Updated on

കൊച്ചി: കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരായി കണ്ടെത്തിയ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന് മൂന്നരയ്ക്ക് ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. ശിക്ഷാവിധിക്ക് മുൻപ് കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾക്കിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ ദയ നേടാൻ ശ്രമിച്ചു.(Pulsar Suni acts nonchalant in court, asking for remission of sentence)

കൂട്ടബലാത്സംഗത്തിൽ നേരിട്ട് പങ്കെടുത്തതായി തെളിയിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി (സുനിൽകുമാർ), മറ്റു പ്രതികളിൽ നിന്ന് വ്യത്യസ്തമായി ഭാവവ്യത്യാസങ്ങളില്ലാതെയാണ് കോടതിയിൽ നിന്നത്. അഭിഭാഷകൻ മുഖേന ശിക്ഷയിൽ ഇളവ് വേണമെന്ന് അഭ്യർത്ഥിച്ച സുനിൽകുമാർ, "വീട്ടിൽ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണ്" എന്ന് മാത്രമാണ് പ്രതിക്കൂട്ടിൽ നിന്ന് കോടതിയോട് പറഞ്ഞത്.

പൾസർ സുനിയെക്കൂടാതെ, മറ്റ് പ്രതികളും ശിക്ഷയിൽ ഇളവ് നൽകണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ചു. രണ്ടാം പ്രതിയായ മാർട്ടിൻ കോടതിയിൽ പൊട്ടിക്കരഞ്ഞു. "താനൊരു തെറ്റും ചെയ്തിട്ടില്ല. നിരപരാധിയാണ്, ചെയ്യാത്ത തെറ്റിന് ജയിലിൽ കിടന്നുവെന്ന്" മാർട്ടിൻ വാദിച്ചു. മൂന്നാം പ്രതി മണികണ്ഠൻ, മനസ്സറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഭാര്യയും മകളും മകനുമുള്ള തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും ആവശ്യപ്പെട്ടു.

നാലാം പ്രതി വിജീഷ്, കുടുംബ പശ്ചാത്തലം പറഞ്ഞ് കുറഞ്ഞ ശിക്ഷ നൽകണമെന്ന് അഭ്യർത്ഥിച്ചു. താൻ തലശ്ശേരി സ്വദേശിയാണെന്നും കണ്ണൂർ ജയിലിൽ ഇടണമെന്നുള്ള ഒരു പ്രത്യേക അഭ്യർത്ഥനയും വിജീഷ് കോടതിക്ക് മുന്നിൽ വെച്ചു. അഞ്ചാം പ്രതി വടിവാൾ സലിമും ആറാം പ്രതി പ്രദീപും കുറ്റം ചെയ്തിട്ടില്ലെന്നും കുടുംബാംഗങ്ങളെ ആശ്രയിച്ചാണ് കഴിയുന്നതെന്നും പറഞ്ഞ് കരഞ്ഞുകൊണ്ടാണ് സംസാരിച്ചത്.

പ്രതികളോട് സംസാരിച്ച ശേഷം കോടതി ചില നിർണ്ണായക നിരീക്ഷണങ്ങൾ നടത്തി. പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. "യഥാർത്ഥ കുറ്റവാളി പൾസർ സുനിയാണ്. മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണ്. പൾസർ സുനി മറ്റുള്ളവരെ പോലെയല്ല. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം. ഇതൊരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണ്," കോടതി നിരീക്ഷിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com