
തൃശൂർ: ടൂറിസ്റ്റ് ഹോമിന്‍റെ മറവിൽ വൻതോതിൽ പുതുച്ചേരി മദ്യം വിൽപ്പന നടത്തിയ യുവാവ് പിടിയിൽ( Illegal liquor sale). തൃശൂർ റൗണ്ടിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് മദ്യം വിൽപ്പന നടത്തിയതിനു യുവാവിനെ അറസ്റ്റ് ചെയ്തത്. പാലക്കാട് ആലത്തൂർ സ്വദേശി പ്രദീപിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇയാളിൽ നിന്നും 22.5 ലിറ്റർ പുതുച്ചേരി മദ്യവും 11 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടിച്ചെടുത്തു. മാഹിയിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുള്ള മദ്യം ഇതര സംസ്ഥാനക്കാരായ തുണി കച്ചവടക്കാർ മുഖേന വൻതോതിൽ കടത്തി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ പതിവ് രീതിയെന്ന് എക്സൈസ് പറഞ്ഞു.
തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ ടി ജോബിയുടെ നിർദേശ പ്രകാരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എൻ സുദർശന കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അസിസ്റ്റൻ്റെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സോണി കെ ദേവസി, പ്രിവൻ്റെവ് ഓഫീസർ (ഗ്രേഡ്) കെ വി ഷാജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സംഗീത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.