തിരുവനന്തപുരം: അതിദാരിദ്ര്യ നിർമാർജനം എന്ന പേരിൽ കേരളാ സർക്കാർ നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. ഈ പ്രഖ്യാപനത്തിന് യാതൊരു ഏജൻസികളുടെയും അംഗീകാരമില്ലെന്നും, കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള പി.ആർ. കാമ്പയിൻ മാത്രമാണിതെന്നും അദ്ദേഹം പരിഹസിച്ചു.(Publicity stunt to deceive people in the name of eradicating extreme poverty, says Ramesh Chennithala)
കേരളം അതിദാരിദ്ര്യം ഇല്ലാതെയായി എന്ന് ഒരു ഏജൻസികളും സർട്ടിഫൈ ചെയ്തിട്ടില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്ന സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് ഗോൾസ് (SDG) യിലെ ഒരു പ്രധാന ഇനമാണ് ദാരിദ്ര്യ നിർമാർജനം. എന്നാൽ, യു.എൻ. കീഴിലുള്ള ഏജൻസികളുടെയോ ഇന്ത്യയിൽ SDG ഏകോപിപ്പിക്കുന്ന നീതി ആയോഗിന്റെയോ ഒരു രേഖയും ഈ അവകാശവാദത്തിന് ഉപോൽബലകമായി ലഭിച്ചിട്ടില്ല.
"ഇത് കേരള സർക്കാർ പറഞ്ഞു പരത്തുന്ന ഒരു നുണ മാത്രമാണ്. ഒന്നരക്കോടി രൂപ ചിലവഴിച്ച ഒറ്റ ദിവസത്തെ പരിപാടിയും ശതകോടികൾ ചിലവഴിക്കുന്ന ഒരു പിആർ കാമ്പെയ്‌നും മാത്രമാണിത്. അവനവനുള്ള സർട്ടിഫിക്കറ്റ് അവനവൻ തന്നെ അച്ചടിച്ചെടുക്കും പോലെയുള്ള ഒരു പരിപാടി മാത്രമാണിത്," ചെന്നിത്തല പരിഹസിച്ചു.
അതിദരിദ്രരുടെ കാര്യത്തിൽ സർക്കാരിന് യാതൊരു ആത്മാർഥതയുമില്ലെന്ന് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് ആദിവാസികൾ ഭൂരഹിതരാണ്. അവർക്ക് കിടപ്പാടമില്ല, ശുചിമുറികളില്ല, പോഷകാഹാരമില്ല. ഇതൊന്നുമില്ലാത്ത ഒരു സംസ്ഥാനം എങ്ങനെയാണ് അതിദാരിദ്ര്യ വിമുക്തമെന്ന് അടയാളപ്പെടുത്തപ്പെടുന്നത് എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.
കൊല്ലം കുന്നത്തൂർ താലൂക്കിലെ മൈനാഗപ്പള്ളി പഞ്ചായത്തിൽ കഴിഞ്ഞ മാസം ഒരാൾ പട്ടിണി കിടന്നു മരിക്കുകയും മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിക്കുകയും ചെയ്ത സംഭവം പ്രാദേശിക മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പട്ടിണി കിടന്നു മനുഷ്യർ മരിക്കുന്ന ഒരു സംസ്ഥാനം കോടികൾ ചിലവഴിച്ച് ആഘോഷം നടത്തുന്നതിനേക്കാൾ വലിയ വങ്കത്തരം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഈ പി.ആർ. കാമ്പെയ്‌നു വേണ്ടി ചിലവഴിക്കുന്ന പണമുണ്ടായിരുന്നെങ്കിൽ നൂറു കണക്കിന് ആദിവാസി കുടുംബങ്ങൾക്കു വീടുവെച്ചു നല്‍കാമായിരുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ ഈ പ്രഖ്യാപനം കേരളത്തിലെ അതിദരിദ്രരെ ദോഷകരമായി ബാധിക്കുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി. റേഷൻ സംവിധാനങ്ങൾ വഴി വിതരണം ചെയ്യുന്ന സൗജന്യ അരി ഉൾപ്പെടെയുള്ള വിവിധ കേന്ദ്ര പദ്ധതികളെ ഈ പ്രഖ്യാപനം എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
സി.പി.എം. നേതാക്കളുടെ ദാരിദ്ര്യമാണ് മാറിയതെന്നും, സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അടക്കമുള്ളവർ കോടീശ്വരന്മാരായതിന്റെ കണക്കെടുത്താണ് ഈ ആഘോഷമെങ്കിൽ മനസിലാക്കാമെന്നും അദ്ദേഹം കളിയാക്കി.