കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിൽ എസ്ഡിപിഐ പ്രവർത്തകർ നുഴഞ്ഞുകയറി കലാപം അഴിച്ചുവിടുകയായിരുന്നുവെന്ന് സിപിഐഎം. ചൊവ്വാഴ്ച നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞുകയറി.
നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പൊലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ച ജില്ലയ്ക്ക് പുറത്തുനിന്നുപോലും എത്തിച്ചേര്‍ന്ന എസ്ഡിപിഐ ക്രിമിനലുകളാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കി.നിരപരാധികളായ ജനങ്ങളെ മുൻനിർത്തി കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകുന്നേരം മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയിരുന്നു.സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.
ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘര്‍ഷത്തിലെത്തുന്നത്. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.