കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നൽകണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. വിധിന്യായം പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Public Prosecutor in actress assault case and acquittal of Dileep)
കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയ വിഷയത്തിൽ എസ്.പി.പി. ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എട്ടാം പ്രതിക്കെതിരെയും ശക്തമായ തെളിവുകൾ ഹാജരാക്കിയെന്നാണ് പ്രോസിക്യൂഷന്റെ വിശ്വാസം.
"എട്ടാം പ്രതി കുറ്റവിമുക്തമാക്കപ്പെട്ടത് എന്തുകൊണ്ടെന്ന് വിധിന്യായം പരിശോധിച്ച ശേഷം മനസ്സിലാക്കും. തെളിവുകളുടെ അപാകതയുണ്ടെങ്കിൽ അതും പരിശോധിക്കും." കേസിൽ അപ്പീൽ പോകുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വിധിന്യായം പരിശോധിച്ച് മേൽ നടപടി സ്വീകരിക്കും. കുറ്റക്കാരായി കണ്ടെത്തിയ പ്രതികളെ മിനിമം 20 വർഷമെങ്കിലും ശിക്ഷിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോസിക്യൂഷന് പിന്തുണ നൽകിയ സർക്കാരിനും മാധ്യമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു. "വിധിന്യായം കാണാതെ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് പറയുന്നവരോട് സഹതപിക്കാൻ മാത്രമേ കഴിയൂ."കോടതിയുടെ അന്തിമ ശിക്ഷാവിധി വൈകുന്നേരം ഉണ്ടാകാനിരിക്കെ, ദിലീപിനെതിരായ നിയമപോരാട്ടം തുടരുമെന്ന ശക്തമായ സൂചനയാണ് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിരിക്കുന്നത്.