
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തെ തുടര്‍ന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ (ചൊവ്വാഴ്ച, ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കുമാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.ഈ ദിവസങ്ങളില്‍ സംസ്ഥാനത്താകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
അതേസമയം , വി.എസിന്‍റെ നിര്യാണത്തിന്‍റ പശ്ചാത്തലത്തിൽ കെ.എസ്.ഇ.ബി കാര്യാലയങ്ങൾക്ക് അവധിയായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കില്ല. ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാവുന്നതാണ്.