തിരുവനന്തപുരം : രാജീവ് ചന്ദ്രശേഖറിനെതിരെ പരസ്യ വിമര്‍ശനവും പരിഹാസവും നടത്തിയ ബിജെപി നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.തിരുവനന്തപുരത്തെ യുവമോർച്ച നേതാക്കളായ വിപിൻകുമാർ, എസ് എസ് ശ്രീരാഗ്, വിഷ്ണു കൈപ്പള്ളി എന്നിവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
യുവമോർച്ച പുനഃസംഘടനയ്ക്ക് പിന്നാലെ ബിജെപിയെ ബിസിനസ് ജനതാ പാർട്ടിയാക്കി മാറ്റിയെന്ന് ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് കൂടിയായ വിപിൻ കുമാർ ഫോസ്ബുക്കിലൂടെ വിമർശിച്ചിരുന്നു.
ഇന്ന് വന്ന ഇട്ടിക്കണ്ടപ്പന്‍മാരൊക്കെ എന്തടിസ്ഥാനത്തിലാണ് ചുമതലയില്‍ വന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. സാധാരണ പ്രവര്‍ത്തകര്‍ മറുപടി കൊടുക്കുന്ന ഒരു കാലംവരും. അന്ന് ബിസിനസ് ചെയ്യാന്‍ വന്നവനും കച്ചവട മാമാങ്കം നിയന്ത്രിക്കുന്നവനും ഒക്കെ മനസ്സിലാക്കും. പക്ഷേ, സംഘടനയാണ് നശിച്ചുപോകുന്നതെന്നും കോർപ്പറേറ്റ് ബുദ്ധിയും കൊണ്ട് സംഘടന ഓടിക്കാൻ വന്ന രാജീവ് ചന്ദ്രശേഖറിന് പിഴവ് പറ്റിയെന്നും വിപിന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു.
തെറ്റ് പറ്റിയത് പാര്‍ട്ടിക്കാണോ അതോ നേതാക്കളുടെ പിടിവാശിയാണോയെന്നായിരുന്നു എസ്.എസ്. ശ്രീരാഗിന്റെ വിമര്‍ശനം. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സജിത്തിനെ ഒഴിവാക്കിയതിലായിരുന്നു പരസ്യവിമര്‍ശനങ്ങള്‍. പാര്‍ട്ടിയെ വളര്‍ത്തിയവരെ പാര്‍ട്ടി മറന്നെന്ന് വിമര്‍ശിച്ച ശ്രീരാഗ്, അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാന്‍ ചിഹ്നം നല്‍കിയില്ലെങ്കിലും കുഴപ്പമില്ലെന്നും നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു.