
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ ചരിത്രപുരുഷനെന്നും താൻ ആരാധനയോടെ കാണുന്ന വ്യക്തിത്വമാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. പിറന്നാൾ ദിനത്തിൽ വി.എസിനെ സന്ദർശിച്ച് ആശംസയറിയിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തന്‍റെയും അദ്ദേഹത്തിന്‍റെയും ആശയം വ്യത്യസ്തമാണ്. ചില നേതാക്കൾ അവരവരുടെ പാർട്ടി ചട്ടക്കൂടിനപ്പുറം പൊതുസമൂഹത്തിന്‍റെയും എല്ലാവരുടെയും വക്താക്കളായി മാറും. അങ്ങനെയുള്ള ഒരാളാണ് അച്യുതാനന്ദൻ. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം. കേരളത്തിന്റെ പൊതുകാര്യങ്ങള്‍ക്കു വേണ്ടിപൊരുതിയ നേതാവാണ് അദ്ദേഹമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.